NEWS UPDATE

6/recent/ticker-posts

പഹൽഗാം ഭീകരാക്രമണം; തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാ​ക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്.നാല് ജയ്​ശെ മുഹമ്മദ്​, മൂന്ന് ലശ്​കറെ ത്വയ്യിബ, രണ്ട് ഹിസ്​ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. (www.malabarflahs.com)


പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. കോട്ട്ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ സേന ആക്രമിച്ച ഒമ്പത് കേന്ദ്രങ്ങൾ
  1. മർകസ്​ സുബ്​ഹാനല്ലാ, ബഹാവൽപൂർ-ജയ്​ശെ മുഹമ്മദ്​
  2. മർകസ്​ ത്വയ്യിബ, മുരിദ്​കെ-ലശ്​കറെ ത്വയ്യിബ
  3. സെർജൽ, തെഹ്​റ കലാൻ- ജയ്​ശെ മുഹമ്മദ്​
  4. മെഹ്​മൂന ജോയ, സിയാൽകോട്ട്​-ഹിസ്​ബുൽ മുജാഹിദീൻ 
  5. മർകസ്​ അഹ്​ലെ ഹദീസ്​-ബർണാല-ലശ്​കറെ ത്വയ്യിബ
  6. മർകസ്​ അബ്ബാസ്​, കോട്ട്​ലി-ജയ്​ശെ മുഹമ്മദ്​
  7. മസ്കർ റഹീൽ ശാഹിദ്​, കോട്ട്​ലി-ഹിസ്​ബുൽ മുജാഹിദീൻ 
  8. ശവായ്​ നല്ല ക്യാമ്പ്​, മുസഫറാബാദ്​-ലശ്​കറെ ത്വയ്യിബ 
  9. സയ്യിദുനാ ബിലാൽ ക്യാമ്പ്​, മുസഫറാബാദ്​-ജയ്​ശെ മുഹമ്മദ്​

Post a Comment

0 Comments