Top News

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡുപയോഗിച്ച് 3 എടിഎമ്മുകളില്‍ നിന്നും പണം തട്ടി: ബിജെപി വനിതാ നേതാവും സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ: കളഞ്ഞു കിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 3 എടിഎമ്മുകളില്‍ നിന്നും പണം തട്ടിയ കേസില്‍ ബിജെപി വനിതാ നേതാവും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. ബിജെപിയുടെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം തിരുവന്‍വണ്ടൂര്‍ വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42), കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. (www.malabarflash.com)

ചെങ്ങന്നൂര്‍ കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. മാര്‍ച്ച് 14 -ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടു വിട്ട ശേഷം തിരിച്ചു വരുന്നതിനിടെയാണ് പരാതിക്കാരന്റെ എടിഎം കാര്‍ഡ് അടങ്ങിയ പേഴ്സ് നഷ്ടമായത്.

എന്നാല്‍ വഴിയില്‍ നിന്നും ഓട്ടോ ഡ്രൈവറായ സലിഷിന് പേഴ്സ് കളഞ്ഞു കിട്ടിയതിനെ തുടര്‍ന്ന് ബിജെപി നേതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ 15-ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു.

എടിഎം കാര്‍ഡിനോടൊപ്പം പരാതിക്കാരന്‍ പിന്‍ നമ്പര്‍ എഴുതി സൂക്ഷിച്ചിരുന്നത് ഇരുവര്‍ക്കും പണം തട്ടാന്‍ എളുപ്പമായി. തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം വിനോദ് അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ചെങ്ങന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.

എന്നാല്‍ നഷ്ടപ്പെട്ട പേഴ്സ് 16-ന് പുലര്‍ച്ചെ കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് നിന്നും കണ്ടെത്തി. സിഐ എ.സി. വിപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്‍ എടിഎം കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എടിഎം കൗണ്ടറിലെ ദൃശ്യങ്ങളും ലഭിച്ചു.

Keywords: Block panchayat member, Arrest, Stealing, Money, Stolen, ATM Card, Alappuzha News, Kerala News, Malayalam News

Post a Comment

Previous Post Next Post