Top News

നീല ട്രോളി ബാഗ് വിവാദം; യുഡിഎഫ് പണം എത്തിച്ചതിന് തെളിവില്ല, തുടർനടപടി ആവശ്യമില്ലെന്ന് അന്വേഷണ റിപ്പോർട്ട്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്ന നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കോൺ​ഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന പരാതിയിൽ തെളിവ് കണ്ടെത്താനായില്ലെന്ന അന്വേഷണ റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് നൽകിയത്. വിവാദത്തില്‍ തുടർ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി പറഞ്ഞു.[www.malabarflash.com]


നവംബര്‍ ആറിന് പുല‍ര്‍ച്ചെയാണ് കെപിഎം ഹോട്ടലിൽ കോൺ​ഗ്രസ് നേതാക്കൾ താമസിക്കുന്ന മുറികളില്‍ പോലീസ് സംഘമെത്തി പരിശോധന നടത്തിയത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പോലീസ് സംഘം പരിശോധന നടത്തി. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പോലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പോലീസ് പിന്നീട് മലക്കംമറിഞ്ഞു. ഒടുവിൽ മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും പോലീസ് മടങ്ങിയത്.

അതേസമയം, പെട്ടി നാടകം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ‍ഡി സതീശൻ പരിഹസിച്ചു. മന്ത്രി എം ബി രാജേഷും അളിയനും നടത്തിയ നാടകമാണിത്. എം ബി രാജേഷ് പൊതുജനത്തോട് മാപ്പ് പറയണമെന്നും വി ‍ഡി സതീശൻ പറഞ്ഞു. 

സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നായിരുന്നു വിഷയത്തിൽ കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. പോലീസിന് ഈ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട് പോകാനാകില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആരാണ് എസ്പിക്ക് നിർദേശം നൽകിയതെന്ന് എംബി രാജേഷ് മറുപടി പറയണമെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു.

Post a Comment

Previous Post Next Post