Top News

ഭക്ഷണം വിളമ്പാൻ വൈകിയതിൽ സംഘർഷം; വധുവിനെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വരൻ

ലഖ്നോ: ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. പിന്നാലെ വരൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.[www.malabarflash.com]

ഏഴ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ഡിസംബര്‍ 22ന് വിവാഹച്ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. വരന്റെ വീട്ടിൽ നിന്നെത്തിയ ഘോഷയാത്രയെ വധുവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. വരന്റെ ഒപ്പമെത്തിയ ഒരാൾ ഭക്ഷണം വിളമ്പാൻ വൈകിയതിൽ പരാതി പറഞ്ഞതോടെ പ്രശ്നം ആരംഭിച്ചു. തുടർന്ന് വരനും ബന്ധുക്കളും ദേഷ്യത്തിലായി.

വരനെയും ബന്ധുക്കളെയും അനുനയിപ്പിക്കാനുള്ള വധുവിന്റെ വീട്ടുകാരുടെ ശ്രമങ്ങളെല്ലാം വിഫലമായി. കുറച്ച് സമയത്തിനുശേഷം വരൻ മെഹ്താബ് അവിടെ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് പ്രശ്നം വലിയ സംഘർഷത്തിലേക്ക് വഴിമാറി. ഇറങ്ങിപ്പോയ വരൻ ബന്ധുവായ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. സ്ത്രീധനമായി നല്‍കിയ ഒന്നരലക്ഷം രൂപ ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപ വിവാഹച്ചടങ്ങുകള്‍ക്കായി ചെലവായതായി വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് വധുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

Post a Comment

Previous Post Next Post