Top News

മദ്രസയുടെ കാര്യത്തില്‍ മാത്രമെന്താണ് ആശങ്ക; ബാലാവകാശ കമ്മീഷനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മറ്റ് മതവിഭാഗങ്ങള്‍ക്കും വിലക്ക് ബാധകമാണോയെന്നും മദ്രസയുടെ കാര്യത്തില്‍ മാത്രമെന്താണ് ആശങ്കയെന്നും കോടതി ചോദിച്ചു. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് മതേതരത്വമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.[www.malabarflash.com]


ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. മദ്രസകളുടെ കാര്യത്തില്‍ മാത്രമാണോ ആശങ്കയെന്നും സന്യാസി മഠങ്ങളിലും മറ്റും കുട്ടികളെ അയക്കുന്നതിനെതിരേ നിര്‍ദേശമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് ആരാഞ്ഞു.

മദ്രസകളില്‍ നിന്ന് വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകള്‍ യു.പി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അത്തരത്തില്‍ നിര്‍ബന്ധം പിടിക്കാനാവില്ല. മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. വിവിധ സംസ്‌കാരങ്ങളും മതങ്ങളും ഇഴകി ചേര്‍ന്നതാണ് നമ്മുടെ രാജ്യം. അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റി.

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശവും കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീം കോടതിയെ സമീപിച്ചത്. കമ്മിഷന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. കമ്മിഷന്റെ കത്തും അതിന്‍മേല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും ചോദ്യംചെയ്ത് ജാമിയത്ത് ഉലമ ഐ ഹിന്ദ് നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ നടപടി.

Post a Comment

Previous Post Next Post