Top News

ആശുപത്രിയില്‍ കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം: ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഉദുമ സ്വദേശി ബംഗ്‌ളൂരു വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ഉദുമ, തെക്കേക്കര സ്വദേശിയായ മുഹമ്മദ് ജൗഹര്‍ ജിസ്വാന്‍ (24) ആണ് ബംഗ്‌ളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. ഗള്‍ഫിലേക്ക് പോകാനായി എത്തിയതായിരുന്നു ജിസ്വാന്‍.[www.malabarflash.com]


വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കാസര്‍കോട് നഗരത്തിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അക്രമ സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ടെക്‌നിക്കല്‍ ജീവനക്കാരനായ ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ദുല്‍ റസാഖി(28)നാണ് കുത്തേറ്റത്.

അക്രമി ആശുപത്രിയിലേക്ക് കയറി വരുന്നതും അക്രമം നടത്തുന്നതും അതിനു ശേഷം പുറത്തേക്ക് ഓടി സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ പോലീസ് തിരിച്ചറിഞ്ഞത്. 

പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നു രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതി തിങ്കളാഴ്ച രാത്രി ബംഗ്‌ളൂരുവില്‍ പിടിയിലായത്. വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് ബംഗ്‌ളൂരുവിലെത്തി.

Post a Comment

Previous Post Next Post