Top News

156 മൃതദേഹങ്ങള്‍ കണ്ടെത്തി; മരണഭൂമിയായി മുണ്ടക്കൈ; എങ്ങും ഉറ്റവർക്കായുള്ള വിലാപങ്ങൾ; മണ്ണിൽപുതഞ്ഞത് ഒരു ഗ്രാമം ഒന്നാകെ

മേപ്പാടി: ഉള്ളുലക്കുന്ന കാഴ്ചകളാണ് മുണ്ടക്കൈയിൽ കാണാനാകുന്നത്. ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ദുരന്തം വിതച്ച പ്രദേശം, മുണ്ടക്കൈ എന്ന ഗ്രാമത്തെ ഒന്നാകെയാണ് ഉരുളെടുത്തത്.[www.malabarflash.com]


ചളിയിൽ പുതഞ്ഞുകിടക്കുന്ന തകർന്ന കോൺഗ്രീറ്റ് കെട്ടിടങ്ങളും വലിയ പാറകളും മരത്തടികളും മാത്രമാണ് ഇവിടെ കാണാനുള്ളത്. നിനച്ചിരിക്കാതെ പ്രകൃതി കലി തുള്ളി എത്തിയപ്പോൾ ഒരു ഗ്രാമവും അങ്ങാടിയും പൂർണമായും നാമാവശേഷമായി. ഉറ്റവരെ തേടിയുള്ള വിലാപങ്ങളാണ് ദുരന്തഭൂമിയിലെങ്ങും. ബുധനാഴ്ച രാവിലെ സൈന്യവും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഞ്ചു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണ്. രക്ഷാപ്രവർത്തനം പ്രദേശത്ത് അതീവ ദുഷ്കരമായതാണ് പ്രതിസന്ധിയാകുന്നത്.

ചൂരൽമലയിൽനിന്ന് ഏകയാത്രാ മാർഗമായ പാലവും റോഡും ഒലിച്ചുപോയതോടെ തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു മുണ്ടക്കൈ. ക്ഷാപ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേരാനെ കഴിഞ്ഞിരുന്നില്ല. ഒടുവിൽ സൈന്യം വടംതീർത്താണ് മറുകരയിലേക്ക് കടന്നത്. വൈകീട്ടോടെ താൽക്കാലിക പാലം നിർമിച്ചാണ് കുടുങ്ങികിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിലേക്ക് ഇന്നാണ് രക്ഷാപ്രവർത്തകർക്ക് എത്താനായത്. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. സർക്കാർ കണക്കുകൾ പ്രകാരം 98 പേരെയാണ് കിട്ടാനുള്ളത്. കൂടുതൽ സൈന്യം എത്തുന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാകും. ഒലിച്ചുപോയ പാലത്തിനു പകരം ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നുണ്ട്. ഡൽഹിയിൽനിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.

കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും. പാലം സജ്ജമാകുന്നതോടെ മുണ്ടക്കൈ ദുരന്ത ഭൂമിയിലേക്ക് മണ്ണു മാന്തിയും മറ്റും എത്തിക്കാനാകും. ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്‌ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങൾ ഏറെ സാഹസികമായാണ് രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നത്. ഉരുൾപൊട്ടലിൽ 153 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

Post a Comment

Previous Post Next Post