Top News

നായകളുടെ അസ്വാഭാവികമായ കുരയിൽ സംശയം; ജനൽവഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം

പയ്യന്നൂർ: ഞെട്ടിക്കുന്ന ഒരു മരണവാർത്തകേട്ടാണ് ഞായറാഴ്ച പയ്യന്നൂർ ഉണർന്നത്. മാതമംഗലം കോയിപ്ര സ്വദേശിനി അനില(33) യെ ആണ് സ്വന്തം വീട്ടിൽനിന്ന് കിലോമീറ്ററുകൾ ദൂരെ അന്നൂരിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതിനു തുടർച്ചയായി അനിലയുടെ സുഹൃത്ത് സുദര്‍ശനപ്രസാദ് എന്ന ഷിജുവി(34)നെയും സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.[www.malabarflash.com]


കുടുംബ സമേതം വിനോദയാത്ര പോകുന്നതിനാൽ പയ്യന്നൂർ അന്നൂരിലെ തന്‍റെ വീട് വീട്ടുടമയായ ബെറ്റി ജോസഫ് പരിചയക്കാരനായ ഷിജുവിനെ നോക്കാൻ ഏൽപ്പിക്കുന്നത്. വീട്ടിലെ നായകളെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതിനായിരുന്നു ഇത്. ഷിജുവിന്റെ നാടായ ഇരൂളിൽ താമസിച്ചിരുന്ന പരിചയത്തിന്മേലുള്ള വിശ്വാസത്തിലാണ് വീടിന്റെ താക്കോൽ അദ്ദേഹം കൈമാറിയത്.

ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടിൽനിന്ന് നായകളുടെ അസാധരണമായ കുര കേട്ടാണ് സമീപവാസികൾ ഉണർന്നത്. തലേദിവസം അസ്വാഭാവികമായൊന്നും വീട്ടിൽനിന്ന് കേട്ടിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച ഷിജുവിനെ പരിസരത്തുള്ള വീട്ടമ്മമാർ കണ്ടിരുന്നതായും വിവരമുണ്ട്.

നായകളുടെ കുര കേട്ടാണ് പരിസരവാസികൾ ബെറ്റിയുടെ ബന്ധുക്കളെ വിവരമറിയിക്കുന്നത്. തുടർന്ന്, അവർ സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം നിലത്ത് കിടക്കുന്നനിലയിൽ കാണുന്നത്. രക്തം വാർന്നൊലിക്കുന്ന നിലയിലുള്ള ശരീരം കണ്ട ഉടനെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകം നടത്തിയശേഷം നേരം പുലരും മുമ്പ് ഷിജു ഇദ്ദേഹം സ്വന്തം നാട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അന്നൂരില്‍നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്.

അനിലയുടെ മുഖത്തും ശരീരത്തിലും മാരകമായ മുറിവുകള്‍ ഉണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ അനീഷ് പറഞ്ഞു. മുഖത്തുനിന്ന് ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. വീട്ടില്‍നിന്ന് പോരുമ്പോള്‍ ഇട്ട വസ്ത്രമല്ല അനിലയുടെ ദേഹത്തുണ്ടായിരുന്നത്. ഇത് കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണെന്നും അനീഷ് പറഞ്ഞു.

മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അനില. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ വീണ്ടും പരിചയം പുതുക്കുന്നത്.

ശനിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post