Top News

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർക്ക് ഉസ്ബസ്‌കിസ്താന്‍റെ ആദരം; ചടങ്ങ് ഇമാം ബുഖാരിയുടെ ജന്മനാട്ടില്‍

ബുഖാറ : കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിച്ച് ഉസ്ബസ്‌കിസ്താന്‍. ഇസ്‍ലാമിലെ പ്രധാന ഹദീസ് ഗ്രന്ഥങ്ങളിലൊന്നായ സ്വഹീഹുല്‍ ബുഖാരിയുടെ പഠനത്തിനും പ്രചാരണത്തിനും നല്‍കിയ സേവനങ്ങളും ഇന്ത്യ കേന്ദ്രീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ആദരം ലഭിച്ചത്.[www.malaarfash.com]

ഇമാം ബുഖാരിയുടെ ജന്മനാടായ ബുഖാറയിലെ സറഫ്‌ഷോന്‍ കണ്‍വെഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലെ മുഫ്തിമാരും ഖാളിമാരും പങ്കെടുത്തു. അബൂബക്കര്‍ മുസ്‌ലിയാരെ 'ഹിര്‍ഖത്തുല്‍ ബുഖാരിയ്യ' പൊന്നാട അണിയിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു മുസ്ലിം പണ്ഡിതന്‍ ഇതാദ്യമായാണ് ഒരു മധ്യേഷ്യന്‍ രാജ്യത്ത് ഇത്തരമൊരു ആദരം ഏറ്റുവാങ്ങുന്നത്.പ്രമുഖ യമനി പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ശൈഖ് ഉമര്‍ ഹഫീളും ചടങ്ങില്‍ ആദരം ഏറ്റുവാങ്ങി. ഹദീസ് പഠനത്തിന് നല്‍കിയ സവിശേഷ സംഭാവനകളും അന്താരാഷ്ട്ര തലത്തില്‍ പുതിയ പ്രബോധന സാധ്യതകള്‍ കണ്ടെത്തി വ്യാപിപ്പിക്കുന്നതിലും വഹിച്ച നേതൃപരമായ പങ്കിനെ മുന്‍നിര്‍ത്തിയാണ് ഇരുവരേയും ആദരിച്ചത്.

ചടങ്ങിൽ താഷ്‌കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മതുല്ലാഹി തിര്‍മിദി, ബുഖാറ മുഫ്തി ശൈഖ് ജാബിര്‍ ഏലോവ്, സുര്‍ഖന്‍ദരിയ ഖാസി ശൈഖ് അലി അക്ബര്‍ സൈഫുല്ലാഹ് തിര്‍മിദി എന്നിവർ നേതൃത്വം നല്‍കി. ഇതോടനുബന്ധിച്ച് നടന്ന പണ്ഡിത സംഗമം ചെച്‌നിയന്‍ പ്രധാനമന്ത്രി റമളാന്‍ കെദിറോവിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ആദം ശഹീദോവ് ഉദ്ഘാടനം ചെയ്തു. പാശ്ചാത്യ ലോകത്തെ പ്രമുഖ മുസ്ലിം പണ്ഡിതനായ ശൈഖ് യഹ്യ റോഡസ് വിശിഷ്ടാതിഥിയായി. ശൈഖ് ഹബീബ് ജിന്‍ദാന്‍ ഇന്തോനേഷ്യ, ഹബീബ് അലി സൈനുല്‍ ആബിദീന്‍ മലേഷ്യ, സാലിം ബിന്‍ ഹഫീള് ഉമര്‍ യമന്‍ സംഗമത്തില്‍ സംസാരിച്ചു.

ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും അതിഥികളും ചടങ്ങില്‍ സംബന്ധിച്ചു.ഇമാം ബുഖാരിയുടെ വൈജ്ഞാനിക ജീവിതവും ദീനി സേവനവും അനുധാവനം ചെയ്യാന്‍ ആധുനിക പണ്ഡിത സമൂഹം തയ്യാറാവണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.സമര്‍ഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമകേന്ദ്രത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേത്യത്വം നല്‍കുന്ന ഗ്രാന്‍ഡ് സ്വഹീഹുല്‍ ബുഖാരി ദര്‍സ് ശനിയാഴ്ച നടക്കും. ഉസ്ബാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ബുഖാരി മജ്‍ലിസാണിത്. ഉസ്ബാക്കിസ്ഥാന്‍ സർക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ പരിപാടികളിലും കാന്തപുരം പങ്കെടുക്കും.

Post a Comment

Previous Post Next Post