Top News

കുരുന്നുകളുടെ വിയോഗത്തിൽ വിതുമ്പി നാട്; വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സഹോദരിമാരുടെ മക്കൾ ക്വാറിയിൽ മുങ്ങിമരിച്ചു, അപകടം പതിയിരിക്കുന്ന ക്വാറികൾ

മലപ്പുറം: രണ്ടു കുരുന്നുകളുടെ വിയോഗത്തിൽ വിതുമ്പുകയാണ് മലപ്പുറം പൊടിയാട് പ്രദേശത്തുള്ളവർ. അമ്മാവന്റെ നിക്കാഹിനു പങ്കെടുക്കാൻ വിരുന്നെത്തിയ രണ്ട് പെൺകുട്ടികളാണ് മേൽമുറി 27 പൊടിയാട് ക്വാറിയിൽ മുങ്ങിമരിച്ചത്. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം സ്വദേശി ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്.[www.malabarflash.com]


പൊടിയാട് പ്രദേശത്തെ ഖനനം നിർത്തിയ നിരവധി കരിങ്കൽ ക്വാറികളുണ്ട്. ഇവിടെ വിനോദത്തിനായി പലരും വരാറുണ്ട്. എന്നാൽ അപകടം പതിയിരിക്കുന്ന സ്ഥലങ്ങളാണിവ. വെള്ളം കെട്ടി നിൽക്കുന്ന കുഴികൾക്ക് ഓരോന്നിനും ഏകദേശം 15 മുതൽ 30 അടി വരെ അഴമുണ്ട്. ഖനനം നിർത്തിയത് കാരണം എല്ലാത്തിലും വെള്ളം കെട്ടി നിൽക്കുകയാണ്. ഈ വർഷത്തെ കഠിനമായ ചൂട് കാരണം നാല് അടിയോളം വെള്ളം വറ്റിയിട്ടുണ്ട്, അത് കാരണം ആഴം കുറഞ്ഞ ഭാഗങ്ങൾ ഇല്ലാതെയാവുകയും ചെയ്തു.

ക്വാറികളിലെ വെള്ളം ആരും ഉപയോഗിക്കാത്തത് കാരണം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഭാഗങ്ങളിൽ പായൽ പിടിച്ചു നല്ല വഴുക്കലുമുണ്ട്. നന്നായി നീന്തൽ അറിയുന്നവർ പോലും ഇപ്പോൾ വെള്ളത്തിലേക്ക് ഇറങ്ങിയാൽ മറ്റൊരാളുടെ സഹായം കൂടാതെ തിരികെ കയറാൻ പറ്റില്ല. വെള്ളിയാഴ്ച  മരണപ്പെട്ട രണ്ടു ചെറിയ കുട്ടികൾ അടക്കം 3 കുട്ടികളും ഒരു ഇതര സംസ്ഥാന തൊഴിലാളിയും ഇവിടെ മുങ്ങി മരണപ്പെട്ടിട്ടുണ്ട്. ഈ വെള്ളക്കെട്ടിനെ കുറിച്ചു അറിയാത്ത ആരും അതിലേക്ക് ഇറങ്ങരുതെന്നാണ് നാട്ടുകാർ പറയുന്നത്. മരണം പതിയിരിക്കുന്ന പാറകൾ വെള്ളത്തിലും വശങ്ങളിലും ഉണ്ട്.

കുട്ടികൾ ക്വാറി കാണാൻ വന്നപ്പോൾ അബദ്ധത്തിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട കുട്ടികളുടെ അമ്മാവന്റെ നിക്കാഹ് ചടങ്ങ് രാവിലെ ഒമ്പത് മണിയോടെ നടന്നിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ കാണാതായി. വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് വൈകിട്ടോടെയാണ് ക്വാറിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംശയം തോന്നിയാണ് ക്വാറിയിൽ തിരച്ചിൽ നടത്തിയത്. മൃതദ്ദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Post a Comment

Previous Post Next Post