NEWS UPDATE

6/recent/ticker-posts

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു; പ്രതികൂല കാലാവസ്ഥയിൽ രക്ഷാദൗത്യം ദുസ്സഹം

ടെഹ്റാൻ: ഇറാന്‍ പ്രസിഡന്റ് ഇബ്റാഹീം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിൽ ഹെലികോപ്റ്റർ തകർന്നുവീണതായാണ് റിപ്പോർട്ടുകൾ. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയത്. അതേസയം, ഹെലികോപ്റ്റർ ഇതുവരെ കണ്ടെത്താനായിട്ടില്ല.[www.malabarflash.com]

റെയ്‌സിക്കു പുറമെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി ഉൾപ്പെടെ പ്രമുഖരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണു വിവരം. പരിക്കുകളോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. 

 അതേസമയം, പ്രസിനഡ്റിന്റെ സംഘത്തിൽ ഉണ്ടായിരുന്ന ചിലർ ടെലിഫോണിൽ അധികൃതരെ ബന്ധപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റെയ്സിക്ക് ജീവഹാനി സംഭവിച്ചിട്ടില്ല എന്ന പ്രതീക്ഷ ഉണർത്തുന്നതാണ് ഈ സന്ദേശമെന്ന് ഇറാൻ വാർത്താ ഏജൻസികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു.

അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി. മൂന്ന് ഹെലിക്കോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നില്ല. ഇറാന്‍ പ്രസിഡന്റ് സന്ദര്‍ശിച്ച ഹെലിക്കോപ്റ്റര്‍ മൂടല്‍ മഞ്ഞ് നിറഞ്ഞ സ്ഥലത്തേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൺഗുൺ എന്ന ചെമ്പ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്. ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫയ്ക്കും വർസാഖാനും ഇടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

ഡ്രോണുകളും സ്നിഫർ നായ്ക്കളും ഉൾപ്പെടെ ഇരുപതിലധികം പൂർണ്ണ സജ്ജീകരണങ്ങളുള്ള തിരച്ചിൽ, രക്ഷാപ്രവർത്തക സംഘത്തെ പ്രദേശത്തേക്ക് അയച്ചതായി ഇറാൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. തിരച്ചിലിൽ സഹായിക്കാൻ ഇറാനിയൻ സായുധ സേന കമാൻഡോ യൂണിറ്റുകളെയും പ്രത്യേക സേനയെയും വിന്യസിച്ചിട്ടുണ്ട്. എട്ട് ആംബുലൻസുകളും മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതിയും ദുഷ്‌കരമായ കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം ദുസ്സഹമാണ്. കനത്ത മൂടൽമഞ്ഞ് വ്യോമ രക്ഷാപ്രവർത്തനം അസാധ്യമാക്കിയിട്ടുണ്ടെന്നും ഇറാൻ്റെ എമർജൻസി സർവീസസ് വക്താവ് പറഞ്ഞു. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സാങ്കേതിക വിദഗ്ധരും ഡോക്ടർമാരും അടങ്ങുന്ന എമർജൻസി മെഡിക്കൽ ടീമിനെ സ്ഥലത്തേക്ക് വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.

പ്രസിഡൻ്റ് റൈസിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഫാർസ് ന്യൂസ് ഏജൻസി ഇറാനികളോട് ആഹ്വാനം ചെയ്തു.

Post a Comment

0 Comments