Top News

ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിയുടെ ചിത്രം പുറത്തുവിട്ട് ‌പോലീസ്

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിക്കേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.[www.malabarflash.com]

കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. കർണാടക- കേരള അതിർത്തി പ്രദേശങ്ങളിൽ കേരള പോലീസിന്റെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ തിരിച്ചറിയാൻപോലും കഴിയാഞ്ഞത് പോലീസിനെ ഏറെ കുഴക്കിയിരുന്നു

വിവാഹം കഴിച്ചശേഷം ഭാര്യയും മക്കളോടുമൊപ്പം പെൺകുട്ടിയുടെ വീടിന് അടുത്ത് വർഷങ്ങളായി ഇയാൾ താമസിച്ചുവരികയായിരുന്നു. ‌കുറച്ചു നാളുകൾക്ക് മുൻപ് മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്സോ കേസിലും സലീം പ്രതിയാണ് എന്ന നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്.

കാസർകോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിൽ മൂന്ന്‌ ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന ഉദ്യോ​ഗസ്ഥരെല്ലാം കുടക് ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് കരുതുന്നത്.

കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.

ബുധനാഴ്ച പുലർച്ചെയാണ്‌ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വർണക്കമ്മൽ ഊരിയെടുത്തശേഷമാണ് പ്രതി കടന്നുകളഞ്ഞത്.

Post a Comment

Previous Post Next Post