NEWS UPDATE

6/recent/ticker-posts

എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം; സുപ്രഭാതം തെരുവില്‍ കത്തിച്ചു, പ്രതിഷേധവുമായി എസ്‌കെഎസ്‌എസ്‌എഫ്

മലപ്പുറം: സമസ്ത മുഖപത്രം സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ചു. തിരൂരങ്ങാടി കൊടിഞ്ഞിയില്‍ ആണ് സംഭവം. പത്രം കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായി കഴിഞ്ഞു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കേൾക്കാം.[www.malabarflash.com]


എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് സുപ്രഭാതം പത്രം കത്തിച്ചതെന്നാണ് ആരോപണം. പിന്നില്‍ മുസ്ലീം ലീഗാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ കൂട്ടിച്ചേര്‍ത്തു.

അതേസമയം പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. കച്ചവടത്തിൻ്റെ ഭാഗമാണത്. സിപിഐഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയിൽ വരില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

സമസ്ത മുഖപത്രമായ സുപ്രഭാതം കത്തിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനയായ എസ്‌കെഎസ്‌എസ്‌എഫ്. സുപ്രഭാതം കത്തിച്ച സംഭവം അപലപനീയവും, പ്രതിഷേധാർഹവുമെന്ന് എസ്കെഎസ്എസ്എഫ് ആരോപിച്ചു. സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കമാണിതെന്നും സംഘടന പറഞ്ഞു. സുപ്രഭാതത്തെ സാമ്പത്തികമായി തകർക്കുക എന്നതാണ് അജണ്ട.

എല്ലാ ജനാധിപത്യ പാർട്ടികളുടെയും വാർത്തകളും വിവരങ്ങളും സുപ്രഭാതം എക്കാലവും നൽകിയിട്ടുണ്ട്. മുൻകാലങ്ങളിലും ഇത്തരം പരസ്യം സുപ്രഭാതം നൽകിയിട്ടുണ്ട്. മാനേജ്‌മെന്റ് പോളിസി അനുസരിച്ചാണ് പരസ്യം നൽകുന്നത്. ഹീന പ്രവർത്തനങ്ങൾ ചെയ്യുന്ന സാമൂഹിക ദ്രോഹികളെ കരുതിയിരിക്കണമെന്നും എസ്‌കെഎസ്‌എസ്‌എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുപ്രഭാതം പത്രത്തിൽ ഇടതുപക്ഷത്തിന്റെ പരസ്യം ഉയർത്തികാട്ടിയായിരുന്നു ബിനോയ്‌ വിശ്വത്തിന്‍റെ വാക്കുകള്‍. മാതൃഭൂമിയിലെ മോദിയുടെ പരസ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സുപ്രഭാതം പത്രം ഇന്ന് കത്തിച്ചു. വേറെ ഒരു പത്രവും കത്തിച്ചിട്ടില്ല. കത്തിക്കൽ ഞങ്ങളുടെ വഴിയല്ല, രീതിയല്ല. സംവാദം ആണ് ഞങ്ങളുടെ വഴി. എൽഡിഎഫിന്റെ ഒരു പരസ്യം വാചകമാണ്. പണം കൊടുത്താണ് പരസ്യം നൽകിയത്', ബിനോയ് വിശ്വം പറഞ്ഞു.

സുപ്രഭാതം പത്രം കത്തിച്ചത് ആരായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ ആണ് പത്രം കത്തിച്ചതെന്ന് ബിനോയ്‌ വിശ്വം പറഞ്ഞു. പത്ത് കൊല്ലമായി മാധ്യമ പ്രവർത്തകർക്ക് മോദിയെ കാണാൻ കിട്ടുന്നില്ല. രണ്ടാഴ്ച്ച മുൻപ് അസമിലെ ഒരു ബിജെപി പത്രത്തിന് അഭിമുഖം കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും ഇപ്പോൾ ഒരു അവസരം ലഭിച്ചത് ഒരു മലയാള ചാനലിന് ആണ്. ഏഷ്യാനെറ്റ് ന്യൂസിന്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടെ ചാനലിനാണ് അവസരം ലഭിച്ചത്. ആ സ്ഥാനാർഥിയും ചാനലും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. ആ ചാനലിനാണ് മോദിയെ ഇന്റർവ്യൂ ചെയ്യാൻ സൗഭാഗ്യം ലഭിച്ചത്. പരസ്യം വന്ന പത്രം കത്തിച്ചും അപവാദ പ്രചാരണം നടത്തിയുമാണ് ഇടതുപക്ഷത്തിന് എതിരെ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments