Top News

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്നരീതിയില്‍ വ്യാജപ്രചാരണം;12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് തടസ്സമാകുംവിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]


ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.

ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പോലീസും ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങള്‍ക്ക് വിവരം നല്‍കണമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

Post a Comment

Previous Post Next Post