Top News

കർണാടകയിൽ കോൺഗ്രസിന്റെ ‘കുടുംബ’ പട്ടിക: ഖാർഗെയുടെ മരുമകനും അഞ്ചു മന്ത്രിമാരുടെ മക്കളും ഉൾപ്പെടെ 17 പേരുടെ ആദ്യ പട്ടിക

ബംഗളൂരു: ബി.ജെ.പിക്ക് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസും. 17 പേരുടെ ആദ്യ പട്ടിക പുറത്തുവിട്ടതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മരുമകനും അഞ്ചു കർണാടക മന്ത്രിമാരുടെ മക്കളും ഉൾപ്പെട്ടു.[www.malabarflash.com]

ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി ഗുൽബർഗ (കലബുറഗി), കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), വനിതാ ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ (ബെളഗാവി), ഗതാഗത മന്ത്രി മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബംഗളൂരു സൗത്ത്), മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത എസ്. പാട്ടീൽ (ബാഗൽകോട്ട്), വനം മന്ത്രി ഈശ്വർഖ​ണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബിദർ) എന്നിവർ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടും.

ബംഗളൂരു സെൻട്രലിൽ അപ്രതീക്ഷിതമായി മുസ്‍ലിം സ്ഥാനാർഥിയെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ കെ. റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാൻ ആണ് സ്ഥാനാർഥി. മന്ത്രി എസ്.എസ്. മല്ലികാർജുന്റെ ഭാര്യയും എം.എൽ.എയും മുതിർന്ന നേതാവുമായ ഷാമന്നൂർ ശിവശങ്കരപ്പയുടെ മകളുമായ പ്രഭ മല്ലികാർജുൻ ദാവൻഗരെ സീറ്റിലും മത്സരിക്കും. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ജയപ്രകാശ് ഹെഗ്ഡെക്ക് ഉഡുപ്പി- ചിക്കമകളൂരു സീറ്റ് നൽകി.

ബംഗളൂരു നോർത്തിൽ പ്രഫ. എം.വി. രാജീവ് ഗൗഡയാണ് സ്ഥാനാർഥി. കർണാടക സ്റ്റേറ്റ് പോളിസി ആൻഡ് പ്ലാനിങ് കമ്മീഷൻ ചെയർമാനായ രാജീവ് ഗൗഡക്ക് ബി.ജെ.പിയുടെ ശോഭ കരന്ദ്‍ലാജക്‍യാണ് എതിർ സ്ഥാനാർഥി. സിറ്റിങ് സീറ്റായ ബംഗളൂരു റൂറലിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എം.പിയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന് തന്നെ ഈ സീറ്റ് കൈമാറിയേക്കും.

മറ്റു സ്ഥാനാർഥികളും മണ്ഡലങ്ങളും: എം. ലക്ഷ്മൺ - മൈസൂരു, വിനോദ് അസൂതി- ധാർവാഡ്, ജി. കുമാർ നായ്ക്- റായ്ച്ചൂർ, പത്മരാജ്- ദക്ഷിണ കന്നഡ, കെ. രാജശേഖർ ബസവരാജ് ഹിത്നാൽ- കൊപ്പാൽ, അഞ്ജലി നിംബാൽകർ- ഉത്തര കന്നഡ, ബി.എൻ. ചന്ദ്രപ്പ- ചിത്രദുർഗ.

Post a Comment

Previous Post Next Post