Top News

കാട്ടാന ആക്രമണത്തിൽ മാവോയിസ്റ്റിന് പരിക്ക്; ജനവാസമേഖലയിൽ ഉപേക്ഷിച്ച് സായുധസംഘം

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റിനെ ജനവാസമേഖലയിൽ ഉപേക്ഷിച്ച് അഞ്ചം​ഗ സംഘം. ചിക്കമംഗളൂർ അങ്ങാടി സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. കർണാടക വനമേഖലയിൽ വച്ച് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമിച്ചത്. ചികിത്സയ്ക്കായി കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ച ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.[www.malabarflash.com]


പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറും നാട്ടുകാരും ചേർന്ന് ഇയാളെ പോലീസ് അയച്ച ആംബുലൻസിൽ കയറ്റി നാലുകിലോമീറ്റർ അകലെയുള്ള പാടാംകവലയിലെത്തിച്ചു. അവിടെ കാത്തുനിന്നിരുന്ന പയ്യാവൂർ പോലീസ് ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സായുധരായ അഞ്ച് മാവോവാദികൾ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് ചിറ്റാരി കോളനിയിലെത്തിയത്. ഇടതുകാലിനും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിക്കുകയായിരുന്നു. മരക്കമ്പുകളില്‍ കമ്പിളി കെട്ടി അതിലിരുത്തി എടുത്തുകൊണ്ടാണ് വന്നത്. മൂന്നുദിവസം മുൻപ് ആനയുടെ ചവിട്ടേറ്റതാണെന്നും ചികിത്സ നൽകണമെന്നും സുരേഷ് വീട്ടുകാരോടാവശ്യപ്പെട്ടു. ഇതിനുശേഷം വീട്ടുകാരിൽനിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മറ്റുള്ളവർ മടങ്ങി.

വീട്ടുകാർ വിവരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു. തുടർന്ന് ഇദ്ദേഹം പോലീസിനെ വിവരമറിയിച്ചെങ്കിലും മാവോവാദികൾ സായുധരായതിനാൽ പോലീസ് പാടാംകവലയിൽ നിലയുറപ്പിക്കുകയായിരുന്നു. ആയുധധാരികളായ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് സുരേഷിനൊപ്പമുണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തണ്ടർബോൾട്ട് സേന ഉൾപ്പെടെ വൻ പോലീസ് സംഘത്തിന്റെ അകമ്പടിയിലാണ് സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post