NEWS UPDATE

6/recent/ticker-posts

ബഗ്ദാദില്‍ നടക്കുന്ന അന്താരാഷ്ട്ര ആത്മീയ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി

കോഴിക്കോട്: ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാഅ് അല്‍ സുദാനിയുടെ നേതൃത്വത്തില്‍ തലസ്ഥാനമായ ബഗ്ദാദില്‍ നടക്കുന്ന അന്താരാഷ്ട്ര ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി മലയാളിയായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഇറാഖിലെത്തി.[www.malabarflash.com]


മാർക്കസ് നോളജി സിറ്റിയിലെ ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ്-ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാമും, എസ്.വൈ.എസ് നേതാവുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാരുടെ മകനാണ്‌.

ഇറാഖ് സുന്നി വഖ്ഫ് മന്ത്രാലയത്തിന് കീഴില്‍ ബഗ്ദാദിലെ ഹള്റത്തുല്‍ ഖാദിരിയ്യയില്‍ നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ഉദ്ഘാടന സംഗമത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. അസ്ഹരി പ്രസംഗിക്കും. ‘വിശ്വാസി ലോകത്തിന്റെ ഐക്യത്തില്‍ അധ്യാത്മികതയുടെ പങ്ക്’ എന്ന വിഷയത്തിലാണ് പ്രഭാഷണം.

അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഈജിപ്ത്, ജോര്‍ദാന്‍, യുക്രൈന്‍, തുര്‍ക്കി, സെനഗല്‍, യമന്‍, സോമാലിയ, സുഡാന്‍, താന്‍സാനിയ, ടുണീഷ്യ തുടങ്ങിയ 45 രാജ്യങ്ങളില്‍ നിന്നുള്ള 62 പണ്ഡിതരാണ് സമ്മേളനത്തിലെ അതിഥികള്‍. 

ശൈഖ് മുഹമ്മദ് അബ്ദുല്‍ ബാഇസ് അല്‍ഖത്താനി, ഈജിപ്ത് പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. ഉസാമ സയ്യിദ് അല്‍ അസ്ഹരി, ശൈഖ് യഹിയ നിനോവി, ശൈഖ് അഫീഫുദ്ദീന്‍ ജീലാനി, ശൈഖ് ഐമന്‍ രിഫാഈ, ശൈഖ് മുഹമ്മദ് ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി തുടങ്ങിയ സുന്നി പ്രമുഖര്‍ വിശിഷ്ടാതിഥികളാണ്.

സമ്മേളനത്തിനായി ഇന്ന് വൈകിട്ട് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഡോ. അസ്ഹരിയെ ഇറാഖ് സുന്നി വഖ്ഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അലി അല്‍ സമീദഈയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Post a Comment

0 Comments