Top News

'ലോകം കിതച്ചപ്പോള്‍ ഇന്ത്യ കുതിച്ചു'; ബജറ്റില്‍ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: 10 വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് രാജ്യം വികസന കുതിപ്പ് നേടിയതായും 2047-ല്‍ വികസിതഭാരതം എന്ന ലക്ഷ്യം നേടുമെന്നും പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഇടക്കാല ബജറ്റ്.[www.malabarflash.com]

വമ്പന്‍ പ്രഖ്യാപനങ്ങള്‍ കാര്യമായി ഇടംപിടിക്കാത്ത ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. തീരുവകളില്‍ മാറ്റമില്ല. പുതിയ നികുതി നിര്‍ദേശങ്ങളും ഏര്‍പ്പെടുത്തുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആളോഹരി വരുമാനം 10 വര്‍ഷത്തിനിടെ 50 ശതമാനം വര്‍ധിച്ചെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 10 വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം ഭവനങ്ങള്‍ നിര്‍മിച്ചുവെന്നും അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രണ്ട് കോടി വീടുകള്‍ നിര്‍മ്മിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇടത്തരക്കാരായ ചേരിയിലും കോളനികളിലും താമസിക്കുന്നവര്‍ക്ക് സ്വന്തം വീട് നിര്‍മ്മിക്കാനോ വാങ്ങാനോ സഹായം നല്‍കും. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും. 40,000 ട്രെയിന്‍ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റും.
മൂന്ന് പുതിയ റെയില്‍ ഇടനാഴി സ്ഥാപിക്കും. 

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗനവാടി ജീവനക്കാരെയും ആശാവര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തി. വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ തുടങ്ങും. 1000 പുതിയ വിമാനങ്ങള്‍ കൂടി രാജ്യത്ത് സര്‍വീസ് ആരംഭിക്കും. മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കും. ഇതടക്കം നിലവിലുള്ള ആശുപത്രികള്‍ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുന്നതും പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post