NEWS UPDATE

6/recent/ticker-posts

റേഷൻ കടക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ റേഷനിങ് ഓഫീസർക്ക് നാല് വർഷം തടവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സിറ്റി നോർത്ത് റേഷനിങ് ഓഫീസറായിരുന്ന പ്രസന്ന കുമാർ റേഷൻ കടക്കാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസ്സിൽതിരുവനന്തപുരം വിജിലൻസ് കോടതി നാല് വർഷം തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.[www.malabarflash.com]


2014-ൽ തിരുവനന്തപുരം സിറ്റി നോർത്ത് റേഷനിങ് ഓഫീസറായിരുന്നു പ്രസന്നകുമാർ. പട്ടത്തെ റേഷൻ കട നടത്തിയിരുന്ന ആളാണ് കേസിലെ പരാതിക്കാരൻ. അദ്ദേഹത്തിന് പരുത്തിപ്പാറയിലുള്ള മറ്റൊരു റേഷൻ കടയുടെ അധിക ചുമതല കൂടി നടത്തിപ്പിനായി നല്‍കിക്കൊണ്ട് ജില്ലാ സപ്ലൈ ഓഫീസർ 2014 ജൂലൈ 25ന് ഉത്തരവിട്ടിരുന്നു. എന്നാൽ പുതുതായി ലഭിച്ച റേഷൻ കട നടത്തുന്നതിന് സിറ്റി നോർത്ത് റേഷനിങ് ഓഫീസറായിരുന്ന പ്രസന്നകുമാർ 10,000 രൂപ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം കടയുടമ വിജിലന്‍സിനെ അറിയിച്ചു.

2014 സെപ്തംബർ മാസം 24ന് റേഷൻ കടക്കാരനിൽ നിന്നുംകൈക്കൂലി വാങ്ങിയപ്പോൾ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ലെ ഡി.വൈ.എസ്.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈയ്യോടെ പിടികൂടി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിജിലൻസ് കോടതി പ്രസന്ന കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് നാല് വർഷം തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പിന്നാലെ പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.

Post a Comment

0 Comments