Top News

വികൃത മുഖവുമായി ‘അജ്ഞാത’ മൃതദേഹം; ‘എഐ’യിൽ മുഖം പുനഃസൃഷ്ടിച്ച് പോലീസ്, പ്രതികളെ കണ്ടെത്തി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പോലീസ്. കൊലപാതകത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിയാൻ മാത്രമല്ല, കൊലപാതകിയെ കുടുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമായെന്ന് പോലീസ് വെളിപ്പെടുത്തി.[www.malabarflash.com]


ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് ഈസ്റ്റ് ഡൽഹിയിലെ ഗീതാ കോളനി മേൽപ്പാലത്തിനു താഴെ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖം വികൃതമായതിനാലും മൃതശരീരത്തിൽ മറ്റ് അടയാളങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും കേസ് അന്വേഷണം പോലീസിന് വെല്ലുവിളിയായി.

തുടർന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളുടെ മുഖം പോലീസുകാർ പുനഃസൃഷ്ടിച്ചു. ഇത്തരത്തിൽ ഡിജിറ്റലായി നിർമിച്ച ഇയാളുടെ മുഖത്തിന്റെ അഞ്ഞൂറോളം ചിത്രങ്ങൾ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുകയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഒരു പോലീസ് സ്റ്റേഷനു മുന്നിൽ പ്രദർശിപ്പിച്ച ചിത്രം കണ്ട് അവിടേക്കു വിളിച്ച ഒരാൾ, ചിത്രത്തിലുള്ളത് തന്റെ മൂത്ത സഹോദരൻ ഹിതേന്ദ്രയാണെന്ന് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരുമായി ഹിതേന്ദ്ര വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. വഴക്കിനിടെ മൂന്നു പേരും ചേർന്ന് ഹിതേന്ദ്രയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും ഒരു സ്ത്രീയുടെ സഹായത്തോടെ മൃതദേഹം മറവു ചെയ്തെന്നും വ്യക്തമായി. സ്ത്രീയുൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post