Top News

മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവാവ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ. കാക്കനാട് കുസുമഗിരി സ്വദേശി ആഷിൽ ലെനിൻ (25 ) ആണ് എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 38 ഗ്രാം എംഡിഎംഎ, രണ്ട് ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാർട്ട് ഫോണുകളും, 9100 രൂപയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.[www.malabarflash.com]


പ്രതി വൈറ്റില - സഹോദരൻ അയ്യപ്പൻ റോഡിൽ ഹെർബൽ പീജിയൺ ആയുർവേദ തെറാപ്പി & സ്പാ എന്ന മസാജ് പാർലർ നടത്തി വരികയായിരുന്നു. ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. മസാജ് പാർലറുകളിൽ രാസലഹരി ഉപയോഗിക്കപ്പെടുന്നതായുള്ള വിവരം എക്സൈസ് ഇന്റലിജൻസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനമൊട്ടാകെയുള്ള മസാജ് സെന്ററുകളിൽ പരിശോധനകൾ നടന്നു വരികയാണ്.

വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിലെ ഹെർബൽ പീജിയൻ എന്ന സ്പായിൽ അസ്വഭാവികമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തുകയും കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.

വിപണിയിൽ മൂന്ന് ലക്ഷം രൂപയോളം മതിപ്പ് വിലയുള്ള അത്യന്തം വിനാശകാരിയായ ബ്രൗൺ മെത്ത് വിഭാഗത്തിൽ പെടുന്ന MDMAയാണ് പിടിച്ചെടുത്തത്. മനുഷ്യ നിർമ്മിത ഉത്തേജക മരുന്നായ ബ്രൗൺ മെത്ത് കേന്ദ്ര നാഡീവ്യൂഹത്തെയാണ് പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിന്റെ ഉപയോഗം ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന, മാനസിക വിഭ്രാന്തി എന്നിവ തുടങ്ങി ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണ്.

സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ, സി.പി. ജിനേഷ് കുമാർ, എം.ടി ഹാരിസ്, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ.ഡി ടോമി, സി.ഇ.ഒ മാരായ ടി.പി. ജെയിംസ്, വിമൽ കുമാർ സി.കെ, നിഷ എസ്, മേഘ വി.എം എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post