NEWS UPDATE

6/recent/ticker-posts

സ്വര്‍ണം, വെള്ളി ഇറക്കുമതി തീരുവ കേന്ദ്രം 15 ശതമാനം വര്‍ധിപ്പിച്ചു

സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വിലപിടിപ്പുള്ള ലോഹങ്ങളിൽ നിർമിച്ച നാണയങ്ങള്‍ക്കും തീരുവ 15 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേ 11 ശതമാനമായിരുന്നു ഇവയുടെ ഇറക്കുമതി തീരുവ. ജനുവരി 22-ന് പുതിയ ഇറക്കുമതി തീരുവ നിലവില്‍ വന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.[www.malabarflash.com]


ചില ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 10 ശതമാനം ബേസിക് കസ്റ്റം ഡ്യൂട്ടിയും (ബിസിഡി) അഞ്ച് ശതമാനം കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസും (AIDC)യും ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു. സ്വര്‍ണം, വെള്ളി കട്ടികളുടെ ഇറക്കുമതിക്കും പുതിയ തീരുമാനം ബാധകമാണ്.

സ്വര്‍ണം, വെള്ളി കട്ടികൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി വെട്ടിപ്പ് തടയുകയാണ് ലക്ഷ്യമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ആഭരണങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്വര്‍ണത്തില്‍ നിര്‍മിച്ച കൊളുത്തുകള്‍ ഉള്‍പ്പടെയുള്ള ഘടകങ്ങളുടെ ഇറക്കുമതി അടുത്തിടെ വലിയ തോതില്‍ വര്‍ധിച്ചിരുന്നു.


ജനുവരി 22-നാണ് ഇതുസംബന്ധിച്ച അറിയിപ്പ്‌ കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയത്. സ്‌പെന്റ് കാറ്റലിസ്റ്റുകൾക്കുള്ള (spent catalysts) ഇറക്കുമതി തീരുവ 10.1 ശതമാനത്തില്‍ നിന്ന് 14.35 ശതമാനമാക്കി വര്‍ധിപ്പിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതില്‍ 10 ശതമാനം ബേസിക് കസ്റ്റം ഡ്യൂട്ടിയും 4.35 ശതമാനം കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസുമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താവെന്ന സ്ഥാനമാണ് ഇന്ത്യക്കുള്ളത്. സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ് പതിവ്.

അതിനിടെ, സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച വര്‍ധനവ് രേഖപ്പെടുത്തി. യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനാല്‍ അന്താരാഷ്ട്ര വിപണികളിലും സ്വര്‍ണത്തിന്റെ വില വര്‍ധിച്ചു.

Post a Comment

0 Comments