Top News

ചികിത്സാ പിഴവെന്ന് ആരോപണം; യുവാവിന്റെ മൃതദേഹം 4 ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു

വയനാട്: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിൻ്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാൾ മുമ്പ് മരിച്ചത്.[www.malabarflash.com]

ചികിത്സാ പിഴവെന്ന് ആരോപണത്തെ തുടർന്ന് യുവാവിൻ്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടത്തിനായി അയച്ചു. മുക്കിലെ ദശ നീക്കാൻ എത്തിയതായിരുന്നു സ്റ്റെബിൻ. അനസ്തേഷ്യ നൽകിയതിലെ പിഴവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേ സമയം ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ മരണം. മൂക്കിൽ വളർന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കാൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം വണ്ടിയോടിച്ച് വന്നതാണ്. പോയത് ചേതനയറ്റ്. മരിച്ച ദിവസം പോസ്റ്റുമോർട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല. 

ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ചൊവ്വാഴ്ചയാണ് കൽപ്പറ്റ പോലീസിൽ പരാതി നൽകിയത്. പിന്നാലെ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. വൈത്തിരി തഹസില്‍ദാര്‍ ആര്‍. എസ്. സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post