Top News

സുന്നി സ്ഥാപനങ്ങൾ സാധ്യമാക്കിയ വിദ്യാഭ്യാസം മുന്നേറ്റം നിസ്തുലം: ഖലീൽ തങ്ങൾ

കാസർകോട്: സുന്നി സംഘടനകളുടെ ജില്ലാ ആസ്ഥാനമായ സുന്നി സെന്ററിൽ നവീകരണം പൂർത്തിയായ ജുമാ മസ്ജിദിന്റെ ഒന്നാംനില കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി വിശ്വാസിക്കായി തുറന്ന് കൊടുത്തു.[www.malabarflash.com]

പള്ളികൾ പ്രൗഢിയോടെ നിർമിക്കുന്ന ശൈലി കേരളത്തിൽ മാലിക് ദീനാറിന്റെ കാലത്തു തന്നെയുള്ളതാണെന്നും ആളുകൾ കൊച്ചുകൂരകളിൽ കഴിഞ്ഞിരുന്ന പഴയകാലത്ത് ഓരോ നാട്ടിലും നിർമിച്ച മസ്ജിദുകളുടെ തലയെടുപ്പ് ഇന്നും വിസ്മയമാണെന്നും ഖലീൽ തങ്ങൾ പറഞ്ഞു. തളങ്കരയിലെ വലിയ ജുമുഅത്ത് പളളിയുടെ നിർമിതിയടക്കം പഴയകാല പള്ളികളെല്ലാം ഏറെ മനോഹാരിതയോടെയാണ് നിർമിച്ചിട്ടുള്ളത്.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലുള്ള സുന്നി സ്ഥാപനങ്ങൾ സാധിച്ചെടുത്തത് വലിയ വിപ്ലവമാണ്. സഅദിയ്യയും മർകസും മഅ്ദിനും സിറാജുൽ ഹുദയും മുഹിമ്മാത്തുമെല്ലാം ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രാജ്യത്തിനാകമാനം വിദ്യയുടെ പുതുവെളിച്ചം തീർക്കുകയായിരുന്നു. അഞ്ഞൂറിലേറെ വലിയ വിദ്യാഭ്യാസ കോംപ്ലക്സുകളാണ് ശൈഖുനാ കാന്തപുരം നേതൃത്വം നൽകുന്ന സുന്നി പ്രസ്ഥാന നേതൃത്വത്തിനു കീഴിൽ മാത്രം ഇന്നു വളർന്നു വികസിക്കുന്നത്.

സമസ്ത സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂർ, സയ്യിദ് ഇബ്രാഹീം ഹാദി ചൂരി, സയ്യിദ് കെ പി എസ് ബേക്കൽ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ, സയ്യിദ് അബ്ദുൽ കരീം തങ്ങൾ പഞ്ഞിപ്പാറ, നൂർ മുഹമ്മദ് ഹാജി ഖത്തർ, അബൂബക്കർ ഹാജി ബേവിഞ്ച, അബ്ദുൽ ജബ്ബാർ ഹാജി നുള്ളിപ്പാടി, സി പി അബ്ദുല്ല ഹാജി ചെരുമ്പ തുടങ്ങിയവർ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വഗതവും കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post