Top News

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെയെത്തിച്ചു, മൂവരും ഒറ്റമുറി വീട്ടിൽ താമസം; വഴക്കിനൊടുവിൽ ഭർത്താവിനെ കൊന്നു

ഗാസിയാബാദ്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ശിവം ഗുപ്ത(26) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ പ്രിയങ്കയും (25) കാമുകൻ ഗർജൻ യാദവും (‌23) അറസ്റ്റിലായത്.[www.malabarflash.com]

പ്രിയങ്കയും ശിവവും വാടകയ്ക്കു താമസിച്ചിരുന്ന ഒറ്റമുറി വാടകവീട്ടിൽ തന്നെയാണു ഗർജനും താമസിച്ചിരുന്നത്. ഗർജനൊപ്പം ഒളിച്ചോടിപ്പോയ പ്രിയങ്കയെ ശിവം അനുനയിപ്പിച്ച് തന്റൊപ്പം കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ ബഹാറാംപുർ ഗ്രാമത്തിലെ വാടക വീട്ടിലാണ് ടാക്സി ഡ്രൈവറായ ശിവവും പ്രിയങ്കയും കഴിഞ്ഞിരുന്നത്. ഈ വർഷം മാർച്ചിൽ ഗർജനൊപ്പം പ്രിയങ്ക ഒളിച്ചോടി. രണ്ടു വയസ്സുകാരിയായ മകളെയും പ്രിയങ്ക ഒപ്പം കൂട്ടിയിരുന്നു. ദമ്പതികളുടെ അയൽവാസിയായിരുന്നു ദിവസവേതന തൊഴിലാളിയായ ഗർജൻ. ഒളിച്ചോടിപ്പോയി ഒരു മാസത്തോളം പ്രിയങ്കയെ ബന്ധപ്പെടാൻ ശിവത്തിന് കഴിഞ്ഞിരുന്നില്ല. ഒരു മാസത്തിനു ശേഷം ശിവവുമായി ഫോണിൽ സംസാരിച്ച പ്രിയങ്ക താൻ ഗർജനൊപ്പം ബല്ലിയയിൽ താമസിക്കുകയാണെന്ന് അറിയിച്ചു.

പ്രിയങ്കയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാമെന്നു കരുതി അവിടേക്ക് പോയ ശിവത്തോടൊപ്പം വരാൻ അവർ തയാറായില്ല. ശിവ കുറെ നിർബന്ധിച്ചപ്പോൾ ഗർജനെയും ഒപ്പം കൂട്ടിയാൽ വരാമെന്ന് സമ്മതിച്ചു. ഭാര്യയോടും മകളോടുമുള്ള സ്നേഹത്താൽ ശിവം അത് സമ്മതിച്ചെന്നു പോലീസ് അറിയിച്ചു. 

തുടർന്ന് ഒറ്റമുറി വാടകവീട്ടിൽ ശിവത്തിനും പ്രിയങ്കയ്ക്കുമൊപ്പം ഗർജനും താമസിക്കാൻ തുടങ്ങി. പതിയെ അസ്വാരസ്യങ്ങളും മുളപൊട്ടി. ഗർജനുമായുള്ള ബന്ധത്തെ ചൊല്ലി ശിവവും പ്രിയങ്കയും വഴക്കിടുന്നത് പതിവായി. ഇതോടെ ശിവത്തെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചു.

ഡിസംബർ 21ന് ശിവം ഉറങ്ങിക്കിടക്കവേ പ്രിയങ്ക അയാളുടെ കഴുത്ത് ഞെരിക്കുകയും ഗർജൻ നിരവധി തവണ കത്തികൊണ്ട് കുത്തുകയും ചെയ്തു. ശിവം മരിച്ചെന്ന് ഉറപ്പായപ്പോൾ മൃതദേഹം ചാക്കിൽകെട്ടി അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നു പോലീസ് പറഞ്ഞു. തുടർന്ന് വീട്ടിലെത്തി രക്തക്കറ കഴുകി കളഞ്ഞ് ആയുധവും ഉപേക്ഷിച്ചു. 

ഡിസംബർ 22ന് ശിവത്തിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. പ്രിയങ്കയുമായി ബന്ധപ്പെട്ടപ്പോൾ ശിവം രാത്രിയിൽ ജോലിക്കു പോയതാണെന്നും പിന്നെ തിരികെ വന്നില്ലെന്നും പറഞ്ഞു. ഗർജൻ ബന്ധുവാണെന്നും അറിയിച്ചു.‌

പ്രിയങ്കയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ ശിവം താമസിച്ച കെട്ടിടത്തിന്റെ പടികളിൽ ചോരപ്പാടുകൾ കണ്ടെത്തി. നിരവധി കുടുംബങ്ങൾ താമസിക്കുന്നതിനാൽ ആരിലേക്ക് വിരൽചൂണ്ടുമെന്ന് പോലീസിന് ആശയക്കുഴപ്പമായി. മായ്ച്ചകളഞ്ഞ ചോരപ്പാടുകൾ കണ്ടെത്തുന്നതിനായുള്ള ബെൻസിഡൈൻ പരിശോധനയിലാണ് ശിവത്തിന്റെ ഒറ്റമുറിയിൽ തന്നെയാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് ബുധനാഴ്ച ഇരുവരും അറസ്റ്റിലായി. ശിവത്തെ കുത്താൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തി.

Post a Comment

Previous Post Next Post