Top News

മുൻ തൃക്കരിപ്പൂർ എം എൽ എ കെ.കുഞ്ഞിരാമൻ അന്തരിച്ചു


ചെറുവത്തൂർ : സിപിഐ എം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം മട്ടലായിയിലെ മാനവീയം വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുമ്പ്‌ അസുഖം കൂടിയതിനെ തുടർന്ന്‌ കണ്ണൂർ മിംസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ അർധരാത്രി പന്ത്രണ്ടോടെയാണ്‌ മരണം.[www.malabarflash.com]

നിലവിൽ സിപിഐ എം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌. മൃതദേഹം വ്യാഴം രാവിലെ 10ന്‌ കാലിക്കടവ്‌ ശ്രീകൃഷ്‌ണൻ നായർ സ്‌മാരക മന്ദിരം, 11ന്‌ കാരിയിൽ വി വി സ്‌മാരക മന്ദിരം, 12ന്‌ ചെറുവത്തൂർ ബസ്‌ സ്‌റ്റാൻഡ്‌ പരിസരം, പകൽ ഒന്നിന്‌ മട്ടലായിയിലെ വീട്‌ എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ചശേഷം സംസ്‌കാരം നടക്കും.

1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും 2006 മുതൽ 16 വരെ തൃക്കരിപ്പൂർ എംഎൽഎയുമായിരുന്നു. 1979 മുതൽ ’84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റുമായി. 

പാരമ്പര്യ വൈദ്യ കുടുംബാംഗമായ കുഞ്ഞിരാമൻ 1943 നവംബർ 10ന്‌ തുരുത്തി വപ്പിലമാട്‌ കെ വി കുഞ്ഞുവൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്റെയും മകനായാണ്‌ ജനിച്ചത്‌. വിദ്യാർഥികാലത്ത്‌ തന്നെ പൊതുപ്രവർത്തനത്തിൽ താൽപര്യം കാട്ടിയ കുഞ്ഞിരാമനെ, എ കെ ജിയാണ്‌ കെഎസ്‌എഫിലേക്ക്‌ ആകർഷിച്ചത്‌.

വൈദ്യരായിരുന്ന പിതാവ്‌, മകനെ തന്റെ പാതയിലേക്ക്‌ കൊണ്ടുവരാൻ വടകര സിദ്ധാശ്രമത്തിൽ സംസ്‌കൃതം പഠിക്കാൻ ചേർത്തു. തുടർന്ന്‌ തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ വൈദ്യം പഠിക്കാനും അയച്ചു. അവിടെയും കെഎസ്‌എഫിന്റെ പ്രവർത്തനത്തിൽ സജീവമായ കുഞ്ഞിരാമൻ 1967–- 70 കാലത്ത്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റും എറണാകുളം ജില്ലാപ്രസിഡന്റുമായി. 

നാലുവർഷത്തിന്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങിയ അദ്ദേഹം വൈദ്യവൃത്തി ഉപേക്ഷിച്ച്‌ മുഴുവൻ സമയ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകനായി. സിപിഐ എമ്മിന്റെ കാരിയിൽ ബ്രാഞ്ച്‌ സെക്രട്ടറി, ചെറുവത്തൂർ ലോക്കൽ സെക്രട്ടറി, നീലേശ്വരം ഏരിയാസെക്രട്ടറി, കാസർകോട്‌ ജില്ല രൂപീകരിച്ചപ്പോൾ ജില്ലാസെക്രട്ടറിയറ്റംഗം എന്നീ പദവികളും വഹിച്ചു.

വടകര സിദ്ധാശ്രമ കാലത്ത്‌ പരിചയപ്പെട്ട പാനൂർ സ്വദേശി എൻ ടി കെ സരോജിനിയാണ്‌ ഭാര്യ. മക്കൾ: സിന്ധു (മടിവയൽ), ഷീന (കാരിയിൽ), ഷീജ (പയ്യന്നൂർ സഹകരണ ആശുപത്രി), അനിൽ (ചീമേനി കോളേജ്‌ ഓഫ്‌ എൻജിനീയറിങ്‌), സുനിൽ (മട്ടലായി). മരുമക്കൾ: ഗണേശൻ (റിട്ട. ജില്ലാ ബാങ്ക്‌ കാസർകോട്‌), യു സന്തോഷ്‌ (കേരളാ ബാങ്ക്‌ നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശൻ പതിക്കാൽ.

Post a Comment

Previous Post Next Post