Top News

'എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ലക്ഷ്യം'; റിമാൻഡ് റിപ്പോർട്ടിൽ ഷഹനയുടെ അവസാന വാക്കുകൾ

തിരുവനന്തപുരം: യുവഡോക്ടർ ആത്മഹത്യചെയ്ത കേസിലെ പ്രതി റുവൈസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ആത്മഹത്യാ കുറിപ്പിൽ നിന്നുള്ള വാക്കുകൾ ഉൾപ്പെടുത്തി പോലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.[www.malabarflash.com] 

വഞ്ചിയൂര്‍ അഡിഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ടതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീധനമോഹം കാരണം തന്റെ ജീവിതം നശിച്ചുവെന്ന് ഡോ. ഷഹന ആത്മഹത്യാ കുറിപ്പിൽ എഴുതിയ വാചകങ്ങളാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ചേർത്തത്. 'വിവാഹ വാഗ്ധാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വര്‍ണവും ഏക്കര്‍ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്', ഷഹനയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

മെഡി. കോളജ് പോലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച  പുലര്‍ച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റുവൈസിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

മെഡിക്കല്‍ പി ജി വിദ്യാര്‍ഥിയായ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

റുവൈസിനെതിരെ ഷഹ്‌നയുടെ മാതാവും സഹോദരിയും മൊഴി നല്‍കിയിരുന്നു. ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്നു റുവൈസ് പിന്മാറിയെന്നാണ് ആരോപണം. ഷഹ്‌നയുടെ മരണത്തില്‍ റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ പ്രതിയുമായി മരിച്ച ഷഹാനയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയെന്നാണു പരാതി. മെഡിക്കല്‍ പി ജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. ഷഹനയുടെ മരണം വിവാദ മായതിന് പിന്നാലെ റുവൈസിനെ സംഘടനയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി.

Post a Comment

Previous Post Next Post