Top News

അന്ന് മലയില്‍ കുടുങ്ങി, ഇന്ന് ലോക്കപ്പിലും; വീട്ടില്‍കയറി അക്രമംനടത്തിയ കേസില്‍ ബാബു അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു കാനിക്കുളത്തെ ബന്ധു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി. ജനൽച്ചില്ലുകൾ അടിച്ചുതകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് പരാക്രമം നടത്തിയത്. വീട്ടുകാരുടെ പരാതിയിൽ പാലക്കാട് കസബ പോലീസെത്തി ബാബുവിനെ അറസ്റ്റ് ചെയ്തു. പോലീസിനു നേരെയും ബാബുവിന്‍റെ പരാക്രമമുണ്ടായി.[www.malabarflash.com]


മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയപ്പോള്‍ രണ്ട് ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ജീവനോട് മല്ലിട്ട് വാർത്തകളിൽ നിറഞ്ഞയാളാണ് ബാബു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു ബാബു എന്ന 23കാരനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. 

ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മലകയറാനെത്തിയത്.

ഒരു കിലോമീറ്റര്‍ ഉയരമുള്ള ചെറാട് മലയുടെ മുകളിലെത്തുക എന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കള്‍ ട്രക്കിംഗ് തുടങ്ങി. കനത്ത വെയിലായതിനാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സംഘം അല്‍പ്പ നേരം വിശ്രമിക്കാൻ തീരുമാനിച്ചു. ഇതിനിടെ ബാബു ഉയരത്തിലേക്ക് കയറുകയായിരുന്നു. പിന്നെ ഒപ്പമുള്ളവരുടെ അടുത്തേക്ക് ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീഴുകയും പാറയിടുക്കില്‍ കുടുങ്ങുകയും ചെയ്തു.

മൊബൈല്‍ ഫോണില്‍ വീട്ടുകാരെയും കൂട്ടുകാരെയും താന്‍ കുടുങ്ങിയ കാര്യം ബാബു വിളിച്ചറിയിച്ചു. കൂട്ടുകാര്‍ക്കും പോലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കിയത് കാര്യങ്ങള്‍ അനുകൂലമാക്കി. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തുകയായിരുന്നു.

Post a Comment

Previous Post Next Post