കൊച്ചി: 13ാം വയസ്സിൽ ദത്തെടുത്ത മകൾ വർഷങ്ങൾ കഴിഞ്ഞിട്ടും ഒത്തുപോകാത്തതിനാൽ ദത്തെടുക്കൽ റദ്ദാക്കാൻ ഹൈകോടതിയിൽ ഹരജി. തിരുവനന്തപുരം സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നൽകിയ ഹരജിയിൽ ദത്തുപുത്രിയുമായി സംസാരിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. തുടർന്ന് ഹരജി നവംബർ 17ന് വീണ്ടും പരിഗണിക്കാൻ മാറ്റി.[www.malabarflash.com]
ഹരജിക്കാരുടെ ഏകമകൻ 2017 ജനുവരി 14ന് 23ാം വയസ്സിൽ കാറപകടത്തിൽ മരിച്ചതോടെ പഞ്ചാബിലെ ലുധിയാനയിലുള്ള നിഷ്കാം സേവാ ആശ്രമത്തിൽനിന്ന് 2018 ഫെബ്രുവരി 16നാണ് പെൺകുട്ടിയെ ദത്തെടുത്തത്. എന്നാൽ, ഉത്തരേന്ത്യയിൽനിന്നുള്ള കുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി കാണാൻ കഴിയുന്നില്ലെന്ന് ഹരജിയിൽ പറയുന്നു.
ഒത്തുപോവില്ലെന്ന് വന്നതോടെ കുട്ടിയെ 2022 സെപ്റ്റംബർ 29ന് തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. ദത്തെടുത്ത നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയക്കണമെന്ന് അപേക്ഷയും നൽകി. ഈ ആവശ്യമുന്നയിച്ച് ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും 2017ലെ ദത്തെടുക്കൽ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ നിർദേശിച്ച് 2022 ഡിസംബർ12ന് ഹരജി തീർപ്പാക്കി.
പിന്നീട് കേന്ദ്ര സർക്കാറിന്റെ പരിഷ്കരിച്ച നിയമ പ്രകാരം ദത്തെടുക്കൽ റദ്ദാക്കാൻ കലക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടിയെ തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമം അധികൃതരും തയാറായില്ല. തുടർന്നാണ് ഹരജി നൽകിയത്.
പെൺകുട്ടി മുതിർന്നതോടെ തിരുവനന്തപുരത്തെ സ്വാദർ ഹോമിലേക്ക് മാറ്റിയെന്നും മാതാപിതാക്കൾക്ക് തന്നോടൊപ്പം കഴിയാൻ ഇഷ്ടമില്ലാത്തതിനാലാണ് ഇവിടെ കഴിയുന്നതെന്നുമാണ് പെൺകുട്ടി പറഞ്ഞതെന്നും സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചു. തുടർന്നാണ് ജില്ല ലീഗൽ സർവസസ് അതോറിറ്റി സെക്രട്ടറിയോടു പെൺകുട്ടിയുമായി സംസാരിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്.
0 Comments