NEWS UPDATE

6/recent/ticker-posts

ഓസീസിൻ്റെ ആറാം വിശ്വവിജയം; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ കണ്ണീർ

അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ പടിക്കല്‍ കലമുടച്ച് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്.[www.malabarflash.com]

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. ഇതോടെ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന ഇന്ത്യയുടെ തേരോട്ടത്തിനും അവസാനമായി.

ഓസീസിനെതിരെ മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ അവര്‍ക്ക് 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഡേവിഡ് വാര്‍ണറെ (7) സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി തുടക്കമിട്ടു. പിന്നാലെ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ (4) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി.

എന്നാല്‍ ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ട് ഇന്ത്യയെ വിഷമിപ്പിച്ചു. പിഴവുകളില്ലാത്ത ഇരുവരുടേയും ഇന്നിംഗ്‌സാണ് ടീമിന് 2015ന് ശേഷം മറ്റൊരു ലോകകപ്പ് സമ്മാനിച്ചത്. 120 പന്തുകള്‍ നേരിട്ട ഹെഡ് നാല് സിക്‌സും 15 ഫോറുകളും പായിച്ചു. 110 പന്തുകളാണ് ലബുഷെയന്‍ നേരിട്ടത്. നാല് ഫോറുകളായിരുന്നു ലബുഷെയ്‌നിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ഇരുവരും 192 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസീസ് താരമാമാണ് ഹെഡ്. റിക്കി പോണ്ടിംഗ്, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണ് സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍. വിജയത്തിന് രണ്ട് റണ്‍ അകലെ താരം മടങ്ങിയെങ്കിലും മാക്സ്വെല്‍ (2) വിജയം പൂര്‍ത്തിയാക്കി. ലബുഷെയ്ന്‍ പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (47) ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ 30 റണ്‍സടിച്ചു. മുന്‍ മത്സരങ്ങളിലേതുപോലെ തകര്‍ത്തടിച്ച രോഹിത് തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന സ്‌കോറര്‍. അഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ(4) മിഡ് ഓണില്‍ ആദം സാംപ കൈയിലൊതുക്കി ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.

എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി മെല്ലെ തുടങ്ങിയെങ്കിലും രോഹിത് മറുവശത്ത് തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ സ്‌കോറിംഗ് അതിവേഗത്തിലായി. ഏഴാം ഓവറില്‍ 50 കടന്നതിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലിയും ടോപ് ഗിയറിലായതോടെ ഓസീസ് വിരണ്ടു. എന്നാല്‍ ഫൈനലില്‍ ഓസീസ് ശൗര്യം കാട്ടുന്ന പതിവ് ഫീല്‍ഡില്‍ ഇത്തവണയും അവര്‍ തെറ്റിച്ചില്ല. ബൗണ്ടറിയെന്നുറച്ച ഷോട്ടുകള്‍ പലതവണ പറന്നു പിടിച്ച ഫീല്‍ഡര്‍മാര്‍ 20 റണ്‍സെങ്കിലും ആദ്യ പത്തോവറില്‍ തടുത്തിട്ടു. ഹേസല്‍വുഡും സ്റ്റാര്‍ക്കും അടി വാങ്ങിയിതോടെ പവര്‍ പ്ലേയില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ രംഗത്തിറക്കാന്‍ കമിന്‍സ് നിര്‍ബന്ധിതനായി.

മാക്‌സ്വെല്ലിന്റെ ആദ്യ ഓവറില്‍ ഏഴ് റണ്‍സടിച്ച ഇന്ത്യ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മാക്‌സ്വെല്ലിനെ വീണ്ടും നോട്ടമിട്ടു. മാക്‌സ്വെല്ലിനെ സിക്‌സിനും ഫോറിനും പറത്തിയ രോഹിത് പക്ഷെ തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്‌സിന് ശ്രമിച്ച് ട്രാവിസ് ഹെഡിന്റെ അസാമാന്യ ക്യാച്ചില്‍ വീണു. 31 പന്തില്‍ മൂന്ന് സിക്‌സും നാലു ഫോറും പറത്തിയ രോഹിത് 47 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ഇന്ത്യ പത്താം ഓവറില്‍ 76 റണ്‍സിലെത്തിയിരുന്നു. മിന്നും ഫോമിലുള്ള ശ്രേയസ് അയ്യര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മാക്‌സ്വെല്ലിനെ ബൗണ്ടറി കടത്തി തുടങ്ങി. പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ ഓവറില്‍ ശരാശരി എട്ട് റണ്‍സ് വെച്ച് 80 റണ്‍സെടുത്ത ഇന്ത്യക്ക് പക്ഷെ പിന്നീട് പിഴച്ചു. പതിനൊന്നാം ഓവറില്‍ പാറ്റ് കമിന്‍സ് ശ്രേയസ് അയ്യരെ(4) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 81-3ലേക്ക് വിണു. പിന്നീടെത്തിയ രാഹുലും കോലിയും കരുതലെടുത്തതോടെ ബൗണ്ടറികള്‍ വരണ്ടു. ആദ്യ ബൗണ്ടറി നേടാന്‍ രാഹുല്‍ നേരിട്ടത് 60 പന്തുകളായിരുന്നു. എങ്കിലും ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതിനിടെ അര്‍ധസെഞ്ചുറി തികച്ച കോലിയെ പാറ്റ് കമിന്‍സ് ബൗള്‍ഡാക്കി.

63 പന്തില്‍ നാല് ബൗണ്ടറി സഹിതം 53 റണ്‍സെടുത്ത് കോലി മടങ്ങിയതോടെ രവീന്ദ്ര ജഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. ആദ്യ പത്തോവറില്‍ 80 റണ്‍സടിച്ച ഇന്ത്യക്ക് പിന്നീടുള്ള 20 ഓവറില്‍ 3.63 റണ്‍സ് വെച്ചെ സ്‌കോര്‍ ചെയ്യാനായുള്ളു. 86 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുലിനൊപ്പം പിടിച്ചു നില്‍ക്കാന്‍ നോക്കിയ ജഡേജയെ(9) ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 178-5ലേക്ക് വീണു. പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയെങ്കിലും 42-ാം ഓവറില്‍ രാഹുലിനെ(66) സ്റ്റാര്‍ക്ക് മടക്കിയതോടെ 250 കടക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞു. തുടര്‍ന്നെത്തിയ ഷമി(6) പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും സ്റ്റാര്‍ക്കിന്റെ വേഗത്തിന് മുന്നില്‍ വീണു. ഒമ്പതാമനായി ക്രീസിലെത്തിയ ജസ്പ്രീത് ബുമ്രയെ(1) ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി.സ്ലോ പിച്ചില്‍ സൂര്യകുമാര്‍ യാദവിനും(18) കാര്യമായി ഒന്നും ചെയ്യാനായില്ല. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും നായകന്‍ പാറ്റ് കമിന്‍സ് രണ്ടും, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഹേസല്‍വുഡ്,ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Post a Comment

0 Comments