Top News

തര്‍ക്കങ്ങളെല്ലാം തീര്‍ന്നു; കാന്താര സിനിമക്കെതിരായ 'വരാഹരൂപം' പകർപ്പവകാശ കേസ് ഹൈക്കോടതി റദ്ദാക്കി

ഋഷഭ് ഷെട്ടി നായകനായെത്തിയ കന്നട ചിത്രം കാന്താരയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസ് കേരള ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരും സിനിമയുടെ അണിയറക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതോടൊണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിച്ചത്.[www.malabarflash.com]

1957ലെ പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 63 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കുന്നതിനായി ഫയൽ ചെയ്ത ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസ് റദ്ദാക്കിയത്.

കേസില്‍ ഇരുകൂട്ടരുടെയും ഭാഗങ്ങള്‍ കേട്ടതിന്‍റെയും, കക്ഷികള്‍ ഹാജരാക്കിയ രേഖകളും മറ്റും പരിശോധിച്ചതിന്‍റെയും അടിസ്ഥാനത്തില്‍ തര്‍ക്കം സ്വകാര്യ സ്വഭാവമുള്ളതാണെന്നും അതിനാല്‍ ഒത്തുതീര്‍പ്പ് അംഗീകരിക്കാമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോസഫ് കൊടിയന്തറയും പ്രതിഭാഗത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സനൽ പി.രാജ്, ദിനൂപ് പി.ഡി , എം.ഉമാദേവി എന്നിവരും ഹാജരായി.

ഈ വർഷം ഫെബ്രുവരിയിൽ, വരാഹരൂപം എന്ന ഗാനം കൂടാതെ ‘കാന്താര’ എന്ന സിനിമ പ്രദർശിപ്പിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിബന്ധന സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പ്രസ്തുത ഗാനത്തിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോഴിക്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകനും നിർമ്മാതാവിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മലയാളം മ്യൂസിക് ചാനലായ കപ്പ ടിവിയിൽ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച നവരസം എന്ന ഗാനത്തിന്റെ അനധികൃത പകർപ്പാണ് വരാഹരൂപം എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.

Post a Comment

Previous Post Next Post