Top News

ഒരു ഗ്ലാസ് മദ്യം കൈതട്ടി താഴെ വീണു; വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാവിൻമൂട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ സുനിൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.[www.malabarflash.com]


കല്ലമ്പലം, മാവിന്മൂടിന് സമീപത്തെ കുളത്തിൽ കഴിഞ്ഞ ദിവസമാണ് ചിറ്റാഴിക്കോട് കോലകത്ത് വീട്ടിൽ ബാബുവിന്‍റെ മകൻ രാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം രാജുവിനൊപ്പം മദ്യപിച്ചിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളുകൾ അഴിഞ്ഞത്. കല്ലമ്പലം പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ഒരാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മാവിൻമൂട് തലവിള വീട്ടിൽ ബാബുവിന്‍റെ മകൻ 41 വയസ്സുള്ള സുനിൽ ആണ് പ്രതി. ഇയാൾ കുറ്റം സമ്മതിച്ചതായി കല്ലമ്പലം പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ പത്താം തീയതി വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രതി സുനിലും മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടി കൊല്ലപ്പെട്ട രാജുമൊത്ത് വയലിലെ കുളത്തിൻ കരയിൽ മദ്യപിക്കാനായി ഒരുമിച്ചു കൂടി. മദ്യപാനത്തിനിടയിൽ സുനിലിനായി ഗ്ലാസിലൊഴിച്ചു വച്ച മദ്യം രാജുവിന്റെ കൈതട്ടി തറയിൽ വീഴുകയും ഇതിനെ ചൊല്ലി ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. 

തുടർന്ന് ഇവർ സ്ഥലത്തുനിന്നും പിരിഞ്ഞു പോയി. അതിനുശേഷം വൈകുന്നേരത്തോടുകൂടി കുളിക്കുന്നതിനായി രാജു കുളത്തിലെത്തി. പിന്നാലെ അവിടെയെത്തിയ സുനിൽ കുളത്തിൽ കുളിക്കുകയായിരുന്ന രാജുവിനെ കരയിലിരുന്ന് കൊണ്ട് അസഭ്യം പറയുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതിനിടയിൽ സുനിൽ വെള്ളത്തിലിറങ്ങി കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന രാജുവിനെ വെള്ളത്തിൽ ബലമായി പിടിച്ച് മുക്കുകയായിരുന്നു. രാജു മരിച്ചു എന്ന് ഉറപ്പായതിന് ശേഷമാണ് സുനിൽ മടങ്ങിയതെന്ന് പോലീസ് പറയുന്നു.

Post a Comment

Previous Post Next Post