NEWS UPDATE

6/recent/ticker-posts

ഭർത്താവിനെ കുത്തിക്കൊന്നത് ഭാര്യ; അസ്വാഭാവിക മരണം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്

ചാലക്കുടി: വരന്തരപ്പിള്ളിയിൽ യുവാവിന്റെ അസ്വാഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. ചാലക്കുടിയിലെ വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണമാണ് പഴുതടച്ച അന്വേഷണത്തിനൊടുവിൽ കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിനോദിന്റെ ഭാര്യ നിഷ (43) യെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു.[www.malabarrflash.com]


ഈ മാസം പതിനൊന്നിനാണ് വിനോദ് മരണപ്പെട്ടത്. കത്തി കൊണ്ട് മുറിവേറ്റായിരുന്നു മരണം. താനുമായുള്ള പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണെന്നാണ് നിഷ ആദ്യം പറഞ്ഞിരുന്നത്. നിഷയുടെ മൊഴിയിൽ തോന്നിയ സംശയവും പോലീസ് സർജന്റെ അഭിപ്രായവും പരിഗണിച്ച് കൊലപാതക സാധ്യതയിലേക്ക് എത്തുകയായിരുന്നു.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്റെയും വരന്തരപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെയും നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം നടത്തിയ ശാസ്ത്രീയാന്വേഷണത്തിനൊടുവിലാണ് നിഷയാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, നിഷയുടെ ഫോൺ വിളിയിൽ സംശയമുണ്ടായിരുന്ന വിനോദ് ഇക്കാര്യം പറഞ്ഞ് ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം രാത്രി വീട്ടിലെത്തിയ വിനോട് നിഷ ഫോണിൽ സംസാരിക്കുന്നത് കണ്ട് ഒച്ച വെക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ നൽകാൻ തയ്യാറാകാതിരുന്നതോടെ ഇരുവരും തമ്മിൽ മൽപിടുത്തമുണ്ടായി.

പിടിവലിക്കിടയിൽ വിനോദ് നിഷയുടെ കൈ പിടിച്ച് തിരിച്ചു. വേദനയിൽ പ്രകോപിതയായ നിഷ സമീപത്തുണ്ടായിരുന്ന കറിക്കത്തിയെടുത്ത് വിനോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിരുന്നപ്പോൾ ഭയന്ന നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടായി വിനോദ് തളർന്നു പോയി.

ഏറെ നേരം കഴിഞ്ഞും രക്തസ്രാവം നിലക്കാത്തതു കണ്ട് നിഷ തന്നെയാണ് വിനോദിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കിടയിൽ ആരോഗ്യനില വഷളായാണ് വിനോദ് മരിക്കുന്നത്. പിടിവലിക്കിടയിൽ നിലത്തു വീണപ്പോൾ എന്തോ കൊണ്ടാണ് മുറുവുണ്ടായതെന്നായിരുന്നു നിഷ ആശുപത്രിയിൽ പറഞ്ഞിരുന്നത്.

അസ്വാഭാവിക മരണത്തിനായിരുന്നു വരന്തരപ്പിള്ളി പോലീസ് കേസെടുത്തത്. പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജനും കൊലപാതകമാവാം എന്ന് അഭിപ്രായപ്പെട്ടു. പരിസരവാസിളും ബന്ധുക്കളും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് പോലീസിനോട് പറഞ്ഞു.

വിനോദിന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷമാണ് നിഷയെ പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. ആദ്യം താഴെ വീണ് മുറിവേറ്റതാണെന്ന് ആവർത്തിച്ച നിഷ ഒടുവിൽ പിടിച്ചു നിൽക്കാനാകാതെ സത്യം തുറന്നു പറയുകയായിരുന്നു.

ഇതിനിടയിൽ, വിനോദ് ചികിത്സയിലിരിക്കേ, തെളിവ് നശിപ്പിക്കാനും നിഷ ശ്രമിച്ചതായി പോലീസ് പറയുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ നിഷ വിനോദിനെ കുത്തിയ കറിക്കത്തി കഴുകി ഒളിപ്പിക്കുകയും രക്തം പുരണ്ട വിനോദിന്റെ വസ്ത്രങ്ങൾ കത്തിച്ചു കളയുകയും ചെയ്തു.

ഡിവൈഎസ്പി ടി. എസ് സിനോജിന്റെയും സി ഐ ജയകൃഷ്ണന്റേയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിഷ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പോലീസിനോട് വിവരിച്ചു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. തുടർനടപടി ക്രമങ്ങൾക്കു ശേഷം നിഷയെ കോടതിയിൽ ഹാജരാക്കും.

വിനോദിന്റെ മരണകാരണം കണ്ടെത്തി പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ച അന്വേഷണ സംഘത്തിനെ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ദോങ്ഗ്രേയും പ്രദേശവാസികളും പ്രത്യേകമഭിനന്ദിച്ചു.

വരന്തരപ്പിള്ളി സബ് ഇൻസ്പെക്ടർമാരായ സി.സി ബസന്ത് , എ.വി ലാലു, ജോഫി ജോസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു. റെജി, ഷിജോതോമസ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ സീനിയർ സിപിഒമാരായ കെ.പി രജനീശൻ, ഷമീർ വി.എ, ദീപേഷ്, അനിത, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ മനോജ് എന്നിവരാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments