Top News

രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക പീഡനം; മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക രോഷം ഉയരുകയാണ്. മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.[www.malabarflash.com]


രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചു. ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു.

ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി - മെയ്‍തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മണിപ്പൂര്‍ പോലീസിന്റെ വാദം. 

സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പോലീസിന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളിലുണ്ട്. കൂട്ട ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നതായും ഉടൻ പ്രതികളെ പിടികൂടുമെന്നും മണിപ്പൂർ പോലീസ് ട്വീറ്റ് ചെയ്തു.

അതേസമയം വ്യാപകമായ രോഷമാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ' ഇന്ത്യ'ക്ക് നിശബ്ദമായിരിക്കാൻ ആവില്ല. മണിപ്പൂരിലെ ജനങ്ങളോടൊപ്പമാണ് തങ്ങളെന്നും സമാധാനമാണ് ഏക വഴിയെന്നും രാഹുൽ പറഞ്ഞു

ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നിൽക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ചോദിച്ചു. വെറുപ്പ് മണിപ്പൂരിൽ വിജയിച്ചുവെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് ദേബ് ബർമ്മൻ പറഞ്ഞു. രണ്ടു സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരട്ട എഞ്ചിൻ ഭീകരതയോട് മോദി മൗനം പാലിക്കുന്നുവെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു. മനുഷ്യത്വരഹിതമായ ക്രൂരതയെ പ്രതിഫലിപ്പിക്കുന്നതാണ് മൗനമെന്നും യെച്ചൂരി പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകൾക്ക് നീതി ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയുടെ നാരി ശക്തി അവകാശവാദം പൊള്ളയാണെന്ന് തെളിയുമെന്ന് തൃണമൂൽ കോൺഗ്രസും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം രാജ്യത്തെ ജനങ്ങൾക്ക് വേദനാജനകമെന്ന് എഎപിയും പ്രതികരിച്ചു.

Post a Comment

Previous Post Next Post