Top News

ഹൈക്കോടതി വിധി: പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല

കണ്ണൂര്‍: മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല. 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവില്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്.[www.malabarflash.com]


പ്രിയയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല അവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.

അതേസമയം, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന് യു.ജി.സി. നേരത്തേ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം എട്ടുവര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നുവര്‍ഷത്തെ പിഎച്ച്.ഡി. ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ടുവര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്.

ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചുവര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് യു.ജി.സി.യുടെ നിലപാട്.

Post a Comment

Previous Post Next Post