Top News

കണ്ണൂരിൽ പുഴയിൽ കാണാതായ സിനാന്റെ മൃതദേഹവും കണ്ടെത്തി

പാനൂർ: കണ്ണൂർ പാനൂരിനടുത്ത് ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും ലഭിച്ചു. കക്കോട്ട് വയൽ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ മുസ്തഫയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകൻ മുഹമ്മദ് ഷഫാദിനെ (20) രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.[www.malabarflash.com]


സിനാന് വേണ്ടി വ്യാഴാഴ്ച രാത്രി 12 വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ കാണാതായതിന്റെ 500 മീറ്റർ താഴെ തൂവക്കുന്ന് കുപ്പിയാട്ടിൽനിന്നാണ് സിനാന്റെ മൃതദേഹം ലഭിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം. പരിസരത്തെ അഞ്ച് കുട്ടികൾക്കൊപ്പമാണ് ഇരുവരും കുളിക്കാൻ വന്നത്. വഴുതി വീണ മുഹമ്മദ് ഷഫാദിനെ പിടിക്കാൻ ഇറങ്ങിയതായിരുന്നു സിനാൻ. ഇരുവരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവർ ഒച്ച വെക്കുകയായിരുന്നു.

മരിച്ച മുഹമ്മദ് ഷഫാദ് കല്ലിക്കണ്ടി എൻ.എ.എം കോളജ് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ജാതിക്കൂട്ടത്തെ മൂസ-സമീറ ദമ്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post