കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വനിതാസ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി. ജൂലായ് എട്ടിന് ഹൗറയിലാണ് സംഭവമെന്ന് ബംഗാള്‍ ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദീകരിക്കവെ ഹൂഗ്ലി എം.പി. ലോക്കറ്റ് ചാറ്റര്‍ജി മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു.[www.malabarflash.com]
'മണിപ്പുര്‍ സംഭവത്തെ ഞങ്ങള്‍ അപലപിക്കുന്നു. സംഭവം ദുഃഖകരമാണ്. ബംഗാളിലെ സൗത്ത് പഞ്ചാലയില്‍ ബി.ജെ.പിയുടെ വനിതാ പ്രവര്‍ത്തകയെ നഗ്നയാക്കി നടത്തി. അത് മണിപ്പുര്‍ സംഭവത്തേക്കാള്‍ കുറവ് ദുഃഖകരമാണോ? മമത ബാനര്‍ജിയുടെ പോലീസ് ചിത്രീകരിക്കാന്‍ അനുവദിക്കാത്തതിനാല്‍ മാത്രം വീഡിയോ ഇല്ലാത്തതാണ് മണിപ്പുരിലെ സംഭവവുമായി ഇതിനുള്ള വ്യത്യാസം', ബി.ജെ.പി. പശ്ചിമബംഗാള്‍ അധ്യക്ഷന്‍ സുകന്ത മഞ്ജുംദാര്‍ പറഞ്ഞു.
തുടര്‍ന്ന് സംസാരിക്കുമ്പോഴാണ് ബി.ജെ.പി. എം.പി. ലോക്കറ്റ് ചാറ്റര്‍ജി പൊട്ടിക്കരഞ്ഞത്. ബംഗാളിലെ പെണ്‍കുട്ടികളിലേക്കും ശ്രദ്ധപതിയണണെന്ന് അവര്‍ പറഞ്ഞു. 'ജൂലായ് എട്ടിന് തിരഞ്ഞെടുപ്പ് ദിവസം പഞ്ചാലയില്‍ ബി.ജെ.പി. വനിതാ പ്രവര്‍ത്തകയോട് വിവസ്ത്രയാവാന്‍ ആശ്യപ്പെട്ടു, അവരുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു. ജൂലായ് 11-ന് ദോംജൂറില്‍ വനിതാസ്ഥാനാര്‍ഥിക്ക് നേരെ അതിക്രമമുണ്ടായി. അവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അവരുടെ കൈയില്‍ തോക്കുണ്ടായിരുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോയില്ല. വീഡിയോ വൈറല്‍ ആകുമ്പോള്‍ മാത്രം നമ്മള്‍ പ്രതികരിച്ചാല്‍ മതിയോ? എന്താണ് ആരും ശബ്ദിക്കാത്തത്?', ലോക്കറ്റ് ചാറ്റര്‍ജി ചോദിച്ചു.
'ഞങ്ങളും സ്ത്രീകളാണ്. ഞങ്ങളുടെ പെണ്‍മക്കളേയും രക്ഷിക്കണം. ഞങ്ങളും രാജ്യത്തിന്റെ പെണ്‍മക്കളാണ്. പശ്ചിമബംഗാളും രാജ്യത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മണിപ്പുര്‍ സംഭവത്തെ അപലപിച്ചു. സ്ത്രീ സുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളിലും ക്രമസമാധാനസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നാട്ടിലെ പെണ്‍കുട്ടികളെക്കുറിച്ചും സംസാരിക്കണം', അവര്‍ കൂട്ടിച്ചേര്‍ത്തു.
0 Comments