Top News

അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ ഇടിമിന്നലേറ്റ യുവതി മരിച്ചു. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്.[www.malabarflash.com]


വൈകീട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. സിമിയെ ഉടന്‍ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

സംസ്ഥാനത്ത് അടുത്തിടെ ഇടിമിന്നലേറ്റുള്ള മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടയിൽ നാലാമത്തെ മരണമാണ് വയനാട് സ്വദേശിയായ യുവതിയുടേത്.

ജൂൺ ഒന്നിന് തൊടുപുഴയിൽ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിൽ നിന്ന് ഇടിമിന്നലേറ്റയാൾ മരിച്ചിരുന്നു. പൂപ്പാറ സ്വദേശി രാജ ചികിത്സയിലിരിക്കേ മരിച്ചത്. എട്ട് പേർക്കായിരുന്നു ഇവിടെ ഇടിമിന്നലേറ്റത്. ജോലിക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്.

മെയ് 30 ന് മുമ്പ് കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ(38) ഇടിമിന്നലേറ്റ് മരിച്ചിരുന്നു. വീടിന് പുറത്തു നിൽക്കുമ്പോഴായിരുന്നു ഷീബയ്ക്ക് മിന്നലേറ്റത്.

മെയ് 22 ന് കോട്ടയം കോട്ടയത്ത് ഗൃഹനാഥനും ഇടിമിന്നലേറ്റ് മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരന്‍ (64) ആണ് മരിച്ചത്. വൈകിട്ട് വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു അപകടം.

രാജ്യത്ത് ഇടിമിന്നൽ മൂലമുണ്ടാകുന്ന മരണങ്ങളിൽ വർധനവുണ്ടാകുന്നുവെന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പഠനം ചൂണ്ടിക്കാട്ടുന്നത്. 2020-നും 2021-നും ഇടയിൽ ഇടിമിന്നൽ മൂലം രാജ്യത്ത് 1,697 മരണങ്ങൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post