പാലക്കുന്ന് : ടൗണിനോട് മുട്ടിയുരുമ്മിയാണ് കോട്ടിക്കുളം റയിൽവേ സ്റ്റേഷൻ. ഏതാനം കിലോമീറ്റർ അപ്പുറത്ത് 2 പഞ്ച നക്ഷത്ര ഹോട്ടലുകളും മൂന്നാമതൊരെണ്ണം മലാംകുന്നിൽ നിർമാണത്തിലുമുണ്ട്. നക്ഷത്ര ചിന്ഹം കുറഞ്ഞതുൾപ്പെടെ താമസ സൗകര്യങ്ങളുള്ള ചെറുകിട ഹോട്ടലുകൾക്കും ഇവിടെ കുറവില്ല. ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രങ്ങളായ ബേക്കൽ കോട്ട, പള്ളിക്കര, കാപ്പിൽ , ചെമ്പിരിക്ക ബീച്ചുകളിലേക്കും എളുപ്പം എത്തിപ്പെടാനുള്ള സൗകര്യങ്ങളുള്ള കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ തീർത്തും അവഗണനയുടെ പാതയിലാണ്.[www.malabarflash.com]
സംസ്ഥാനത്തെ ആദ്യ ടൂറിസ്റ്റ് റെയിൽവേ സ്റ്റേഷനായി ഉയർത്താൻ കോട്ടിക്കുളത്തിന്റെ പേർ നിർദേശിച്ചതിന് പിന്നാലെ സർവേയും നടന്നിരുന്നുവെങ്കിലും പിന്നീട് അതിന് എന്ത് സംഭവിച്ചുവെന്ന് പോലും അറിയില്ല. മേനി പറയാൻ 'ആദർശ് 'പട്ടം കേവലം അലങ്കാരമായി പേറി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മുഴുവൻ സമയ രീതിയിലേക്ക് മാറ്റണമെന്ന മുറവിളിക്കിടെ ഭാഗികമായി നിലനിന്നിരുന്ന റിസർവേഷൻ സൗകര്യം പോലും മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി.
പ്ലാറ്റുഫോം ഉയർത്തികിട്ടാനും മലബാർ എക്സ്പ്രസ് നിർത്തിക്കിട്ടാൻ പോലും തീവണ്ടി തടയൽ സമരം ചെയ്തവരാണ് ഇവിടത്തെ പഴയ തലമുറ. പ്ലാറ്റ്ഫോമിനെ രണ്ടായി പകുത്തു പോകുന്ന റോഡിലെ കുരുക്ക് മറികടക്കാൻ മേൽപ്പാലം വേണമെന്ന പതിറ്റാണ്ട് നീണ്ട ആവശ്യത്തിന് ഈയിടെ പച്ചക്കൊടി കിട്ടിയെങ്കിലും അത് യാഥാർഥ്യമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരുമോ എന്ന ആശങ്ക നാട്ടുകാരുടെ ഇടയിൽ ഉണ്ട്. .
പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു കിട്ടാൻ കോട്ടിക്കുളത്തുകാർ മുട്ടാത്ത വാതിലുകളില്ല. വരുമാനം കുറഞ്ഞ സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള ഏറനാട് എക്സ്പ്രസ് പോലും ഇവിടെ നിർത്താറില്ല. കോട്ടിക്കുളം റെയിൽവേ വികസനം ലക്ഷ്യമിട്ട് ഇവിടെ പ്രവർത്തിക്കുന്ന സംഘടനകളെല്ലാം ഒരു കുടക്കീഴിൽ അണിചേർന്നാൽ വിപുലമായ കൂട്ടായ്മയിൽ ആവശ്യങ്ങൾ നേടിയെടുക്കാമെന്നാണ് ജനങ്ങളുടെ പക്ഷം.
എംബികെ ഉദുമ മണ്ഡലം ഗ്രൂപ്പ്, ഉദുമ ഹൈസ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ, സംസ്കാര ആർടിസ്റ്റ് വെൽഫയർ അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിനിധികൾ, പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥകൾക്ക് പരിഹാരം തേടി പരാതി നൽകിയിട്ടുണ്ട്. നാട്ടിലെ വിവിധ സംഘടനകളും വാട്സാപ്പ് കൂട്ടായ്മകളും കോട്ടിക്കുളം റെയിൽവേ വികസനത്തിനായി രംഗത്തുണ്ട്.
Post a Comment