Top News

എ.ടി.എം കൗണ്ടറില്‍ കയറി സി.സി.ടി.വി കാമറ മോഷ്ടിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

തിരുവനന്തപുരം: എ.ടി.എം കൗണ്ടറില്‍ കയറി സി.സി.ടി.വി കാമറ മോഷ്ടിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റില്‍. കാമറ മോഷ്ടിച്ചതിനെ തുടർന്ന്, തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളിയെ ബാലരാമപുരം പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സഹേബ് ഗഞ്ചി ജില്ലയില്‍ പൂര്‍വാര്‍ഡില്‍ ബിഷ്ണു മണ്ഡല്‍(33) ആണ് പിടിയിലായത്.[www.malabarflash.com]


ഇക്കഴിഞ്ഞ നാലിന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മോഷ്ടാവ് ഓടി മറയുന്ന ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് കടയുടമ ഉച്ചക്കട മുള്ളുവിള വീട്ടില്‍ ചന്ദ്രന്റെ പരാതിയെ തുടര്‍ന്ന് ബാലരാമപുരം പോലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവിനെ തുടര്‍ന്നാണ് പ്രതി അതിഥി തൊഴിലാളികളുടെ കേന്ദ്രത്തിലെ താമസക്കാരനാണെന്ന് സ്ഥിരീകരിച്ചത്.

വട്ടിയൂര്‍ക്കാവ് മുക്കോല റോസ് ഗാര്‍ഡര്‍ തിരുവാതിര വീട്ടില്‍ രഘുനാഥപിള്ളയുടെ മകന്‍ പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് എ.ടി.എം കൗണ്ടര്‍. ഉച്ചക്കടയില്‍ നാരായണ ട്രേഡിംഗ് ഏജന്‍സി നടത്തിവരുകയാണ് ഇദ്ദേഹം. എ.ടി.എം കൗണ്ടറില്‍ നടത്തിയ മോഷണത്തില്‍ 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. രണ്ട് സംഭവത്തിലും ബാലരാമപുരം പോലീസ് എസ്.എച്ച്.ഒ വിജയകുമാര്‍, എസ്.ഐ അജിത് കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ അന്വേഷണം നടത്തി വരുകയാണ്.

Post a Comment

Previous Post Next Post