Top News

കഴുത്തില്‍ കുരുക്കിട്ട് റീല്‍സ് ചിത്രീകരിക്കാന്‍ യുവതിയുടെ ശ്രമം; കാല്‍വഴുതിയതോടെ മരണം


പട്‌ന: ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിയായ നീതു ദേവി(35)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. 'ആത്മഹത്യ' റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും ചൗദാം എസ്.എച്ച്.ഒ. സത്യവ്രത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.[www.malabarflash.com]


ശനിയാഴ്ച വൈകിട്ടാണ് നീതു ദേവിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു നീതു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകളും പതിവായി അപ് ലോഡ് ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ട് ആത്മഹത്യരംഗങ്ങളുടെ റീല്‍സ് ചെയ്യാനുള്ള ശ്രമമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളും സമീപവാസികളും പറയുന്നത്.

കിടപ്പുമുറിയില്‍ കല്ലുകള്‍ അടുക്കിവെച്ച് അതിനുമുകളില്‍ കയറിനിന്നാണ് നീതു ദേവി റീല്‍സ് ചിത്രീകരിക്കാന്‍ശ്രമിച്ചത്. ആത്മഹത്യാരംഗങ്ങളായതിനാല്‍ വീടിന്റെ സീലിങ്ങില്‍ കയറിട്ട് കഴുത്തില്‍ ഇട്ടിരുന്നു. എന്നാല്‍ ഇതിനിടെ കല്ലിന് മുകളില്‍നിന്ന് കാല്‍വഴുതിയതോടെ കഴുത്തിലെ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു.

സംഭവസമയത്ത് ഭര്‍തൃമാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. നീതുവിന്റെ ഭര്‍ത്താവ് ബബ്‌ലു ശര്‍മ മറ്റൊരിടത്താണ് ജോലിചെയ്യുന്നത്. യുവതിക്ക് മൂന്ന് വയസ്സിനും പത്തുവയസ്സിനും ഇടയിലുള്ള നാലുകുട്ടികളാണുള്ളതെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post