ന്യൂഡൽഹി: മുസ്ലിം ലീഗ്, എഐഎംഐഎം ഉൾപ്പെടെയുളള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഹർജി തളളി സുപ്രീംകോടതി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്നതിനാൽ ഈ പാർട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.[www.malabarflash.com]
എന്നാൽ സമാന ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ടെന്ന് എംഐഎമ്മിന്റെ അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിച്ചു. ഹൈക്കോടതിയിൽ ഹർജി പരിഗണനയിലിരിക്കെ സുപ്രീംകോടതിയിൽ കൂടി വരുന്നത് ശരിയല്ല. സാങ്കേതികമായി ഹർജി നിലനിൽക്കില്ലെന്നും കെ കെ വേണുഗോപാൽ വാദിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുവാദം തേടുകയായിരുന്നു.
ജസ്റ്റിസുമാരായ എംആർ ഷാ, അഹ്‌സനാദുയിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ഉത്തർപ്രദേശ് സ്വദേശിയും ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സൈദ് വസീം റിസ്വി എന്നയാളാണ് ഹർജി നൽകിയിരുന്നത്.
ചില പാർട്ടികളെ മാത്രമാണ് ഹർജിക്കാരൻ ലക്ഷ്യം വെക്കുന്നതെന്ന് മുസ്ലിം ലീഗ് ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗ്, ഹിന്ദു ഏകത ദൾ, എഐഎംഐഎം എന്നീ പാർട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെ കൂടി കക്ഷികളാക്കുന്നില്ല?. ബിജെപി താമര ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു ചിഹ്നമാണെന്ന വാദവും മുസ്ലിം ലീഗ് ഉന്നയിച്ചു.
ചരിത്രപരമായ തീരുമാനമായിട്ടാണ് സുപ്രീംകോടതി വിധിയെ കാണുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗിന് അതിന്റെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിന് തടസ്സമില്ല എന്ന വിധി വന്നിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയോടുളള വിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ വിധി ഒരു കാരണമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment