Top News

മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്; ജനല്‍ച്ചില്ലിന്‌ വിള്ളല്‍

മലപ്പുറം: കേരളത്തില്‍ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനു നേര്‍ക്ക്‌ കല്ലേറ്. തിരൂരിനും ഷൊര്‍ണൂരിനും ഇടയില്‍വെച്ചാണ്‌ കല്ലേറുണ്ടായതെന്നാണ് വിവരം. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ച്ചില്ലില്‍ ചെറിയ വിള്ളലുണ്ടായി.[www.malabarflash.com]


കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ആര്‍.പി.എഫ്., ലോക്കല്‍ പോലീസിന് വിവരം കൈമാറി.

ട്രെയിന്‍ തിരൂര്‍ സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍ കല്ലേറുണ്ടായി എന്നാണ് യാത്രക്കാര്‍ പറയുന്നത്. വിള്ളല്‍വീണ ജനല്‍ച്ചില്ലിന് സമീപം കുട്ടികള്‍ അടക്കം ഇരുന്നിരുന്നുവെന്നും ശബ്ദവും കുട്ടികളുടെ കരച്ചിലും കേട്ടപ്പോഴാണ് ചില്ലില്‍ വിള്ളല്‍ കണ്ടതെന്നും എറണാകുളത്ത് ഇറങ്ങിയ ട്രെയിനിലെ യാത്രക്കാര്‍ പറഞ്ഞു.

വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (തിരൂർ സ്റ്റേഷൻ) സ്റ്റോപ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടന ഓട്ടത്തിൽ ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. വന്ദേഭാരത് ഓടുമെന്ന അറിയിപ്പ് വന്ന സമയത്തു തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രയൽ റണ്ണിൽ നിർത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയതു സമരങ്ങൾക്കും പ്രതിഷേധത്തിനും കാരണമായി.

Post a Comment

Previous Post Next Post