Top News

'ദേവികയുമായി പ്രണയത്തിലായിരുന്നു, ഭാര്യയെ ഒഴിവാക്കാൻ നിർബന്ധിച്ചു, ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയെന്ന് സതീഷ്'

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ ഉദുമയിലെ ഭര്‍തൃമതിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ദേവികയും താനും പ്രണയത്തിലായിരുന്നുവെന്ന് പ്രതിയായ സതീഷ് പോലീസിന് മൊഴി നള്‍കി.[www.malabarflash.com]
 

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയാണ് മരിച്ചത്.

ലോഡ്ജിലെ 306-ാം നമ്പര്‍ മുറിയിലായിരുന്നു കൊലപാതകം. സംഭവത്തിൽ ദേവികയുടെ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ് പോലീസില്‍ കീഴടങ്ങിയിരുന്നു. കൊല നടത്തിയ ശേഷം മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഇയാൾ ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷനിൽ എത്തിയത്. യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും കഴുത്തിന് വെട്ടിക്കൊല്ലുകയുമായിരുന്നുവെന്ന് പ്രതി സതീഷ് പോലീസിനോട് പറഞ്ഞു.

ദേവികയുമായി താൻ പ്രണയത്തിലായിരുന്നെന്നാണ് സതീഷ് നൽകിയിരിക്കുന്ന മൊഴി. ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. പ്രതിയായ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. തന്റെ ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സതീശിന്റെ മൊഴി. കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തുകയാണ് 34 വയസുകാരനായ ഇയാൾ.

കൊല്ലപ്പെട്ട ദേവികയും യുവാവും ഏറെക്കാലം സൗഹൃദത്തിലായിരുന്നു. സമീപ ദിവസങ്ങളിൽ ഇരുവർക്കും ഇടയിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്നോണം ദേവികയെ പ്രതിയായ സതീഷ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ലോഡ്ജ് മുറിക്കുള്ളിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്നാണ് യുവതിയെ പ്രതി വെട്ടി കൊലപ്പെടുത്തിയത്.

നിലവിലെ വിവാഹബന്ധം വേർപെടുത്തി തന്നെ വിവാഹം കഴിക്കാൻ ദേവിക ആവശ്യപ്പെട്ടതാണ് വാക്കുതർക്കത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് സതീഷ് നൽകിയ മൊഴി. രണ്ടു മാസത്തിലേറെയായി സതീഷ് ഈ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. 

കേരള സ്റ്റേറ്റ് ബാർബർ–ബ്യൂട്ടിഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷനിൽ പങ്കെടുക്കാനാണ് ഉദുമയിൽ നിന്ന് ദേവിക കാഞ്ഞങ്ങാട്ടെത്തിയത്. ഇതിനിടെയാണ് സതീഷ് ദേവികയെ ലോഡ്ജിലെത്തിച്ച് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ദേവികയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി മുറിയിൽ പരിശോധന നടത്തി. ഹൊസ്ദുര്‍ഗ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റുകാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post