NEWS UPDATE

6/recent/ticker-posts

ഫാറൂഖ് കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ ആദ്യത്തെ വനിതയായി ഡോ. കെ.എ. ആയിശ സ്വപ്ന

രാമനാട്ടുകര: ഫാറൂഖ് കോളേജിന്റെ ചരിത്രത്തില്‍ പ്രിന്‍സിപ്പല്‍ പദവിയിലെത്തുന്ന ആദ്യത്തെ വനിതയെന്ന റെക്കോഡുമായി ഡോ. കെ.എ. ആയിശ സ്വപ്ന ബുധനാഴ്ച സ്ഥാനമേല്‍ക്കും. ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഇവര്‍. നിലവിലെ പ്രിന്‍സിപ്പല്‍ കെ.എം. നസീര്‍ വിരമിച്ചതോടെയാണ് പുതിയ നിയമനം.[www.malabarflash.com]


2008-ലാണ് ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപികയായി ആയിശ സ്വപ്നയെത്തുന്നത്. നിലവില്‍ ഫാറൂഖ് കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍കൂടിയാണ് ഇവര്‍. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമെടുത്തു. പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡിയും നേടി. മികച്ച സംഘാടകയും പ്രഭാഷകയുമാണ്. കൂടാതെ ദേശീയ അന്തര്‍ദേശീയ ജേണലുകളില്‍ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1948 ഓഗസ്റ്റ് 12-ന് സ്ഥാപിതമായ ഫാറൂഖ് കോളേജില്‍ ഒരു പെണ്‍കുട്ടി ആദ്യമായി പഠിക്കാനെത്തിയത് 1957-ലാണ്. ഇപ്പോള്‍ നാലില്‍മൂന്നുപേര്‍ എന്ന കണക്കില്‍ പെണ്‍കുട്ടികളാണ്. കൂടാതെ ഓരോവര്‍ഷവും ഉന്നത പഠനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുമുണ്ട്.

അമാനുള്ളയുടെയും ഫാത്തിമയുടെയും മകളാണ് ഡോ. കെ.എ. ആയിശ സ്വപ്ന. ഭര്‍ത്താവ്: പി.കെ. മക്ബൂല്‍ (ജെ.ഡി.ടി. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍). മക്കള്‍: അദ്നാന്‍ (എന്‍ജിനിയര്‍), അഫ്രീന്‍ (ആര്‍ക്കിടെക്ട്).

Post a Comment

0 Comments