Top News

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 32 വർഷം തടവും 60,000 രൂപ പിഴയും

മലപ്പുറം: 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് 32 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് കോടതി. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആണ് മലപ്പുറം പുലാമന്തോൾ ടി. എൻ. പുരം സ്വദേശിയായ ഉമ്മര്‍ ഫാറൂഖിനെ (43) ശിക്ഷിച്ചത്.[www.malabarflash.com]


മദ്രസയിലെ പ്രധാന അദ്ധ്യാപകനായിരുന്നു പ്രതി. 13 വയസുകാരനെ മദ്രസയിലേക്ക് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2017 മുതൽ 2018 സെപ്റ്റംബർ വരെ ഉള്ള കാലത്ത് ആയിരുന്നു  മദ്രസ്സയിൽ വച്ച് പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

പെരിന്തൽമണ്ണ പോലീസ് ആണ് കേസ് അന്വേഷിച്ചത്. ഐപിസി, പോക്സോ , ജുവനൈൽ ജസ്റ്റിസ് ആക്ടുകൾ പ്രകാരം പ്രതിക്ക് എതിരെ കേസ് എടുത്തിരുന്നു. ഈ എല്ലാ വകുപ്പുകളിലും ഉള്ള കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. വിവിധ വകുപ്പുകളിൽ പ്രതിക്ക് ആകെ 32 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു. പ്രതി ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.

പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ബിനു ടി എസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സപ്ന.പി.പരമേശ്വരത് ഹാജരായി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Post a Comment

Previous Post Next Post