Top News

ബ്രിട്ടനിലെ കൗൺസിൽ തിരഞ്ഞെടുപ്പ്; മലയാളിയായ 18 വയസ്സുകാരിക്ക് റെക്കോർഡ് ജയം

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിക്ക് (ടോറി) കൂട്ടത്തകർച്ച നേരിട്ട പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ടോറി ടിക്കറ്റിൽ മിന്നും വിജയം നേടി മലയാളി പെൺകുട്ടി. ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്കിൽനിന്നാണ് 18 വയസ്സ് മാത്രം പ്രായമുള്ള അലീന ടോം ആദിത്യ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.[www.malabaflash.com]


ബ്രാഡ്‌ലി സ്റ്റോക്ക് ക‌ൗൺസിലിൽ രണ്ടുവട്ടം മേയറായിരുന്ന ടോം ആദിത്യയുടെയും ലിനി ആദിത്യയുടെയും മകളാണ് അലീന. ബ്രാഡ്‌ലി സ്റ്റോക്കിൽ രണ്ടു പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ള ടോം ആദിത്യ ബ്രിട്ടനിലെ മലയാളികൾക്കെല്ലാം സുപരിചിതനാണ്.

കൗൺസിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ എന്ന റെക്കോർഡോടെയാണ് അലീനയുടെ വിജയം. ബ്രിസ്റ്റോളിലെ സെന്റ് ബെഡ്സ് കോളജിൽനിന്നും എ-ലെവൽ പൂർത്തിയാക്കിയ അലീന കാഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ചർ കോഴ്സിനു ചേരാനിരിക്കെയാണ് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത്. 

കന്നിയങ്കത്തിൽ രാഷ്ട്രീയ കാറ്റ് എതിരായിരുന്നെങ്കിലും ഈ കൊച്ചുമിടുക്കിയെ കൈവിടാൻ വോട്ടർമാർ തയാറായില്ല. കൗൺസിലിലെ മറ്റ് എല്ലാ ടോറി സ്ഥാനാർഥികളും തോറ്റപ്പോഴാണ് അലീനയുടെ ഇ റെക്കോർഡ് വിജയം. തിരഞ്ഞെടുപ്പിൽ അലീന തോൽപിച്ചത് രണ്ട് മുൻ മേയർമാരെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

റാന്നി അങ്ങാടി ആദിത്യപുരം ഏരൂരിക്കൽ കുടുംബാംഗമാണ് അലീന. രണ്ടു ഡസനോളം മലയാളികൾ മൽസരിച്ച തിരഞ്ഞെടുപ്പിൽ അലീന ഉൾപ്പെടെ മൂന്നു മലയാളികൾക്ക് മാത്രമാണ് വിജയിക്കാനായത്. മറ്റുള്ളവരെല്ലാം തോറ്റു. ഭൂരിപക്ഷം മലയാളികും കൺസർവേറ്റീവ് ടിക്കറ്റിലായിരുന്നു മൽസരിച്ചത്. പാർട്ടിക്ക് ആളില്ലാത്ത സ്ഥലങ്ങളിൽ ആളാകാൻ മൽസരിച്ചവരായിരുന്നു ഇവരെല്ലാവരും തന്നെയെന്നതാണ് യഥാർഥ്യം.

ലേബർ ടിക്കറ്റിൽ മൽസരിച്ച രണ്ടുപേർ ജയിക്കുകയും ചെയ്തു. ആഷ്ഫോർഡ് ബറോയിൽ മൽസരിച്ച സോജൻ ജോസഫും നോർഫോക്കിൽ മൽസരിച്ച ബിബിൻ ബേബിയുമാണ് ലേബർ ടിക്കറ്റിൽ ജയിച്ചുകയറിയവർ. സോജൻ ഈ സീറ്റ് കൺസർവേറ്റീവിൽനിന്നും പിടിച്ചെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post