Top News

കണ്ണൂരിന്റെ വിപ്ലവ വീഥികളെ ഉൾപുളകമണിയിച്ച് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി റാലി

കണ്ണൂർ: ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലി വിദ്യാർത്ഥി ബാഹുല്യം കൊണ്ടും ആശയ പ്രകാശനങ്ങളുടെ സൗന്ദര്യം കൊണ്ടും വ്യത്യസ്തമായി. പൊതു സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലി പ്രഭാത് ജംഗ്ഷനിൽ നിന്ന് അഞ്ചു വരിയായാണ് ആരംഭിച്ചത്.[www.malabarflash.com]

സംസ്ഥാന ഭാരവാഹികൾ പ്രവർത്തക സമിതി അംഗങ്ങൾ മുൻനിരയിൽ അണിനിരന്നു. പിന്നിലായി പ്രത്യേകം തെരഞ്ഞെടുത്ത അമ്പതിനായിരത്തോളം വരുന്ന ഐൻ ടീം അംഗങ്ങളും അവർക്ക് പിറകിലായി മറ്റു വിദ്യാർത്ഥി അംഗങ്ങളും അണിനിരന്നു. 

എസ് ബി ഐ റയിൽവേ വഴി പഴയ ബസ്റ്റാന്റ് കടന്ന് പൊതു സമ്മേളന വേദിയായ ജവഹർ സ്റ്റേഡിയത്തിൽ റാലി സമാപിച്ചു. റാലിയുടെ മുൻ നിര മഹാ സമ്മേളന നഗരിയിലെത്തുമ്പോഴും സ്റ്റാർട്ടിംഗ് പോയന്റിൽ പ്രകടനം തുടങ്ങാൻ കഴിയാതെ പ്രവർത്തകർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പൊതു സമ്മേളനം തുടങ്ങി ഏറെ കഴിഞ്ഞാണ് നഗരിയുടെ പരിസരത്ത് പ്രവർത്തകർക്കെത്താൻ കഴിഞ്ഞത്. 

പൊതു സമ്മേളനത്തിലേക്കൊഴുകിയെത്തിയ പതിനായിരങ്ങൾ വഴിയിലുടനീളം കാത്തു നിന്ന് റാലിയെ അഭിവാദ്യം ചെയ്തു. പ്രസ്ഥാനത്തിന്റെ സമുന്നത സാരഥികൾ നിശ്ചയിക്കപ്പെട്ട കോർണറിൽ സംഘടിച്ച് റാലിക്ക് അഭിവാദ്യമർപ്പിച്ച കാഴ്ച സുന്ദരമായിരുന്നു.
മതം , സമൂഹം , സാഹിത്യം , സംസ്കാരം , വിദ്യാഭ്യാസം , രാഷ്ട്രീയം , ലഹരി , പരിസ്ഥിതി , വിദ്യാർത്ഥിത്വം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ആശയങ്ങൾ പ്രകാശിപ്പിച്ച ബാനറുകൾ റാലിക്ക് മാറ്റുകൂട്ടി. " കവിത പൂക്കും കാമ്പസുകളിൽ ഇടിമുറികൾക്കിടമെവിടെ " , " ശക്തമായ ഭരണഘടനക്ക് ധീരമായി കാവലിരിക്കും." " മണ്ണാണ് ജീവന്റെ ആധാരം മലിനമാക്കരുത്." തുടങ്ങിയ അർത്ഥപൂർണ്ണമായ നൂറ് ആശയങ്ങളാണ് ബാനറുകളിൽ ഉണ്ടായിരുന്നത്. 

അനീതിയെ നീതിബോധം കൊണ്ട് ചെറുക്കാനും അധർമ്മത്തെ ധാർമിക ബോധം കൊണ്ട് തോൽപിക്കാനും പ്രേരിപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് റാലിയിൽ മുഴങ്ങിയത്.

" ഫാഷിസം വാഴ്ച നിലക്കട്ടെ കോർപ്പറേറ്റടിപതറട്ടെ , ഇന്ത്യ ജയിച്ചു ജ്വലിച്ചീടട്ടെ . നെഞ്ചിൽ കൈകൾ ചേർത്ത് വിളിക്കുക നമ്മളെന്നും ഇന്ത്യൻ ജനത." തുടങ്ങിയ വർത്തമാന കാല ഇന്ത്യയെ അഭിസംബോധന ചെയ്യുന്ന മുദ്രാവാക്യങ്ങളും , " സ്വാതന്ത്ര്യത്തിൻ പേരു പറഞ്ഞ് തോന്ന്യാസങ്ങളെ ആഘോഷിക്കും ലഹരിയിൽ മുങ്ങി കൗമാരങ്ങൾ നാടിൻ ഭാവിയിൽ ഇരുൾ നിറക്കുന്നു." എന്നിങ്ങനെയുള്ള സാമൂഹിക തിൻമകൾക്കെതിരെയുളള പ്രതിഷേധങ്ങളും റാലിയിൽ മുദ്രാവാക്യങ്ങളായി മുഴങ്ങി. റാലിക്ക് അകമ്പടിയായി പാട്ടു സംഘങ്ങൾ അണിനിരന്നത് റാലിക്ക് കൂടുതൽ മിഴിവേകി.

Post a Comment

Previous Post Next Post