NEWS UPDATE

6/recent/ticker-posts

കിറ്റെക്‌സിന് തെലങ്കാനയില്‍ തിരിച്ചടി; ഭൂമി ഏറ്റെടുക്കുന്നതില്‍ കര്‍ഷക പ്രതിഷേധം

ഹൈദരാബാദ്: സര്‍ക്കാരുമായി പിണങ്ങി കേരളം വിട്ട കിറ്റെക്‌സിന് തെലങ്കാനയില്‍ തിരിച്ചടി. കിറ്റെക്‌സ് യൂണിറ്റിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതാണ് കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീളുന്നത്. കഴിഞ്ഞ ദിവസം സര്‍വേ നടപടികള്‍ക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.[www.malabarflash.com]

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ഗീസുഗൊണ്ടയിലെ ശയാംപേട്ട് ഹവേലിയിലെ കര്‍ഷകരാണ് എതിര്‍പ്പുമായി രംഗത്ത് വന്നത്. ഏക്കറിന് 50 ലക്ഷം രൂപ വിപണി വിലയുള്ളപ്പോള്‍ തങ്ങള്‍ക്ക് ഏക്കറിന് 10 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു കര്‍ഷകരുടെ ആരോപണം.

സംസ്ഥാന സര്‍ക്കാര്‍ റെയ്ഡുകളും പരിശോധനകളുമായി നിരന്തരമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് 2021ലാണ് കിറ്റെക്‌സ് കേരള സര്‍ക്കാരുമായുള്ള കരാര്‍ റദ്ദാക്കിയത്. 3,500 കോടി രൂപയുടെ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്നായിരുന്നു കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുമായുള്ള ചര്‍ച്ചയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണയാവുകയായിരുന്നു.

സംഗേം, ഗീസുഗൊണ്ട എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാകതീയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1,200 ഏക്കറില്‍ പ്രവര്‍ത്തനം തുടങ്ങിയ രണ്ട് യൂണിറ്റുകളിലൊന്നാണ് കിറ്റെക്‌സിന്റേത്. 187 ഏക്കര്‍ അനുവദിച്ചിരുന്ന കിറ്റെക്‌സിന്റെ കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിന്റെ വിപുലീകരണത്തിനായി 13.29 ഏക്കര്‍ കൂടി അനുവദിക്കണമെന്ന് കമ്പനി അഭ്യര്‍ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ശനിയാഴ്ച എത്തിയിരുന്നു. തങ്ങളുടെ കൈവശമുള്ളപ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് തങ്ങളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.

Post a Comment

0 Comments