NEWS UPDATE

6/recent/ticker-posts

'20 മിനിറ്റ് ആ പയ്യന്‍ റോഡില്‍ കിടന്നു, എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കില്‍'; വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ദൃക്‌സാക്ഷി

കൊല്ലം: ചടയമംഗലത്ത് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തില്‍ റോഡിലേക്ക് വീണ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഇരുപതുമിനിറ്റോളം വൈകിയെന്ന് പ്രദേശവാസി കൂടിയായ ഉദയകുമാര്‍ പറഞ്ഞു.[www.malabarflash.com]


അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ല. ഇരുപത് മിനിറ്റ് മുന്‍പ് കൊണ്ടുപോയിരുന്നെങ്കില്‍ അഭിജിത്തിനെ രക്ഷിക്കാമായിരുന്നെന്ന് ഉദയകുമാര്‍ പറഞ്ഞു.

'ഞാന്‍ 15 മീറ്റര്‍ അപ്പുറത്തുള്ള സുഹൃത്തിന്റെ കടയില്‍ പോയി സുഹൃത്തിനെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ നിവര്‍ത്തി കിടത്തിയത്. കിടത്തിയപ്പോള്‍ പയ്യന് ജീവനുണ്ട്. അങ്ങനെ ഇവിടെയുള്ള വണ്ടികള്‍ മൊത്തം കൈകാണിച്ചു. അവരാരും നിര്‍ത്തിയില്ല. ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞാണ് കൊണ്ടുപോകാനായത്. ആ ഇരുപത് മിനിറ്റ് മുന്‍പേ കൊണ്ടുപോയിരുന്നെങ്കില്‍ പയ്യനെ രക്ഷിക്കാമായിരുന്നു. എല്ലാവരും ചുറ്റിലുംനിന്ന് ഫോട്ടോയെടുക്കുകയല്ലാതെ ഒന്നും ചെയ്തില്ല. ഞാന്‍ പോയി ഒരാളെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ കൊണ്ടുപോകാനായത്.''

ചൊവ്വാഴ്ച  രാവിലെ എട്ടുമണിയോടെ കുരിയോട് നെട്ടേത്തറയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രികരായ അഭിജിത്ത്(19), ശിഖ(20) എന്നിവര്‍ മരിച്ചത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ശിഖയും അഭിജിത്തും റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിംഗ് കോളേജിലെ ബി.ടെക്ക് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ശിഖ. പത്തനംതിട്ട മുസ്ല്യാര്‍ കോളേജിലെ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.

Post a Comment

0 Comments